കാലിഫോർണിയയിൽ വ്യാവസായിക പ്ലാൻ്റിൽ വിഷരാസവസ്തു ചോർച്ച: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിലെ ഒരു നിർമ്മാണ ശാലയിലുണ്ടായ വിഷരാസവസ്തു ചോർച്ചയെത്തുടർന്ന് ഗവർണർ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന, എളുപ്പത്തിൽ തീപിടിക്കുന്ന ‘മീഥൈൽ മെതാക്രിലേറ്റർ’ എന്ന രാസവസ്തു അടങ്ങിയ 7,000 ഗാലൻ ശേഷിയുള്ള ടാങ്ക് തകരാറിലാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. മുൻകരുതലിൻ്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളോട് ഇവിടെ നിന്നും മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ടാങ്കിലെ താപനില പ്രതീക്ഷിച്ചതിലും ഉയർന്നതാണെന്നും അത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി ഡിവിഷൻ ചീഫ് ക്രെയ്ഗ് കോവി പറയുന്നതനുസരിച്ച്, അവർ രണ്ട് സാഹചര്യങ്ങളാണ് മുൻകൂട്ടി കാണുന്നത്: “ഒന്നുകിൽ ഇത് തകർന്ന് പുറത്തേക്ക് ഒഴുകാം, അല്ലെങ്കിൽ പൊട്ടിത്തെറിക്കാം.”ഡിസ്നിലാൻഡ് തീം പാർക്കിൽ നിന്ന് ഏകദേശം 5 മൈൽ (8 കിലോമീറ്റർ) അകലെയുള്ള ഗാർഡൻ ഗ്രോവ് എന്ന നഗരത്തിലാണ് ഈ എയറോസ്‌പേസ് ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. ഡിസ്നിലാൻഡ് നിലവിൽ ഒഴിപ്പിക്കൽ പരിധിക്ക് പുറത്തായതിനാൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ലോസ് ഏഞ്ചൽസിന് 35 മൈൽ തെക്കുകിഴക്കായാണ് ഈ പ്രദേശം.

അതേസമയം, ടാങ്കിന് തകരാർ സംഭവിച്ചതിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല, അന്വേഷണം നടക്കുകയാണ്. താപനില നിയന്ത്രിക്കാനായി ഫയർഫോഴ്‌സ് ടാങ്കിലേക്ക് തുടർച്ചയായി വെള്ളം തളിക്കുന്നുണ്ട്. എന്നാൽ ടാങ്കിലെ കേടായ ഒരു വാൽവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച ടാങ്കിൻ്റെ താപനില 32 ഡിഗ്രി സെൽഷ്യസ് (90 ഡിഗ്രി ഫാരൻഹീറ്റ്) ആയി ഉയർന്നതായും ഓരോ മണിക്കൂറിലും ഒരു ഫാരൻഹീറ്റ് വീതം വർദ്ധിക്കുന്നതായും ചീഫ് കോവി പറഞ്ഞു. വെള്ളിയാഴ്ച ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടാങ്കിന് പുറത്തെ താപനില കുറഞ്ഞതായി കണ്ടിരുന്നെങ്കിലും, ശനിയാഴ്ച ജീവനക്കാർക്ക് ടാങ്കിന് അടുത്തെത്തി റീഡിംഗ് എടുത്തപ്പോഴാണ് ഉള്ളിലെ താപനില വളരെ ഉയർന്നതാണെന്ന് മനസ്സിലായത്. രാസപ്രവർത്തനത്തിൻ്റെ വേഗത കുറച്ച് ടാങ്കിനുള്ളിലെ മർദ്ദം കുറയ്ക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ.

ടാങ്ക് തകരുന്ന സാഹചര്യം നേരിടാൻ ശക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കോവി വ്യക്തമാക്കി. കെമിക്കൽ പുറത്തേക്ക് ഒഴുകിയാൽ അത് ഓടകളിലോ കടലിലോ എത്താതിരിക്കാൻ തടയണകൾ നിർമ്മിക്കുന്നുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്തെ സ്കൂളുകളും പ്രധാന റോഡുകളും അടച്ചു.”പഴങ്ങളുടെ മണത്തിന് സമാനമായ കടുത്ത ഗന്ധം” അനുഭവപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഓറഞ്ച് കൗണ്ടി ഹെൽത്ത് ഓഫീസർ ഡോ. റെജീന ചിൻസിയോ-ക്വാങ് പറഞ്ഞു. ഈ വാതകം ശ്വസിക്കുന്നത് ശ്വാസകോശ തടസ്സങ്ങൾക്കും കണ്ണെരിച്ചിലിനും തലകറക്കത്തിനും കാരണമാകാം. ഒരു മൈൽ ചുറ്റളവിലുള്ള ഒഴിപ്പിക്കൽ മേഖലയ്ക്ക് പുറത്തുള്ളവർ സുരക്ഷിതരാണെന്നും അവർ കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ എമർജൻസി സർവീസുകളുമായും ഹസാർഡസ് മെറ്റീരിയൽസ് ടീമുകളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കമ്പനി വക്താവ് അറിയിച്ചു.

Toxic chemical leak at industrial plant in California: State of emergency declared

More Stories from this section

family-dental
witywide