ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഒഴുകുന്നത് ട്രില്യൺ കണക്കിന് ഡോളർ; അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന നിക്ഷേപകരാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ്

അമേരിക്കയിൽ 10.87 ട്രില്യൺ ഡോളറിലേറെ നിക്ഷേപം എത്തിയതായി വൈറ്റ് ഹൗസ്. ഇതിൽ ഇന്ത്യയുടെ നിക്ഷേപം 330 ബില്യൺ ഡോളറിലധികമാണെന്നും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന നിക്ഷേപകരിലൊന്നാണ് ഇന്ത്യയെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ തുടർച്ചയായി പ്രദർശിപ്പിച്ച വിഡിയോയിലാണ് നിക്ഷേപ കണക്കുകൾ ഉൾപ്പെടുത്തിയത്.

ഇന്ത്യയുടെ പേരിൽ രണ്ട് തുകകളാണ് പട്ടികയിലുള്ളത്. 310 ബില്യൺ ഡോളറും 20.5 ബില്യൺ ഡോളറും. “അമേരിക്കയുടെ സുവർണകാലം കെട്ടിപ്പടുക്കാൻ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം ഒഴുകിയെത്തുന്നു” എന്ന കുറിപ്പോടെയാണ് വൈറ്റ് ഹൗസ് വിഡിയോ എക്സിൽ പങ്കുവച്ചത്.അയോവയിൽ എസ്സാർ ഗ്രൂപ്പിന്റെ മെസാബി മെറ്റാലിക്സ് പ്രഖ്യാപിച്ച 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപ വാഗ്ദാനങ്ങൾക്കൊപ്പം അമേരിക്കയിലെ സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

കണക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വൈറ്റ് ഹൗസ് ഉടൻ പ്രതികരിച്ചില്ല. മാർച്ചിൽ ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് 300 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മേയിൽ സെലക്ട് യുഎസ്എ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്കിടെ അമേരിക്കയിൽ 20.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനുള്ള പദ്ധതികൾ ഇന്ത്യൻ വ്യവസായ മേഖലയും പ്രഖ്യാപിച്ചു.

നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങളിൽ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 20 ട്രില്യൺ ഡോളറിലധികം നിക്ഷേപവും നിക്ഷേപ വാഗ്ദാനങ്ങളും ഉറപ്പാക്കിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. തന്റെ ഭരണത്തിന്റെ സാമ്പത്തിക നേട്ടങ്ങളുടെ തെളിവായാണ് അദ്ദേഹം നിക്ഷേപ കണക്കുകൾ ഉയർത്തിക്കാട്ടുന്നത്.

അതേസമയം, അമേരിക്കയുടെ ബജറ്റ് കമ്മിയും പൊതുകടവും വർധിക്കുന്നതിനിടെയാണ് വൈറ്റ് ഹൗസിന്റെ നിക്ഷേപ പ്രഖ്യാപനം. 2026 സാമ്പത്തിക വർഷത്തിൽ ഫെഡറൽ ബജറ്റ് കമ്മി 1.99 ട്രില്യൺ ഡോളറിലെത്തി. മുൻവർഷത്തെ 1.78 ട്രില്യൺ ഡോളറിൽനിന്ന് 12 ശതമാനമാണ് വർധനയെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ട്രഷറി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2021നുശേഷമുള്ള ഏറ്റവും ഉയർന്ന കമ്മിയാണിത്. സർക്കാർ വരുമാനത്തേക്കാൾ ചെലവ് ഉയരുമ്പോഴാണ് ബജറ്റ് കമ്മി ഉണ്ടാകുന്നത്.

40.3 ട്രില്യൺ ഡോളറിലെത്തിയ പൊതുകടവും ഉയരുന്ന പണപ്പെരുപ്പവും വായ്പാ ചെലവുകളുമാണ് അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളികൾ. റദ്ദാക്കിയ ട്രംപിന്റെ തീരുവകളുമായി ബന്ധപ്പെട്ട റീഫണ്ടുകളും ബജറ്റ് കമ്മി വർധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ചെലവ് നിയന്ത്രിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങൾക്കിടെയാണ് കമ്മി വീണ്ടും ഉയർന്നത്.

‘Trillions pouring into America’: White House lists over $330 billion investments from India