മീൻപിടിക്കുകയായിരുന്ന 71കാരനെ 12 അടി നീളമുള്ള ചീങ്കണ്ണി ആക്രമിച്ച് കൊന്നു. ഈ വർഷം ഫ്ലോറിഡയിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് സ്റ്റീവൻ ഹാമിൽട്ടൺ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഒർലാൻഡോയ്ക്ക് സമീപമുള്ള അപോപ്ക തടാകക്കരയിൽ നിൽക്കുമ്പോഴായിരുന്നു വിന്റർ ഗാർഡൻ സ്വദേശിയായ ഹാമിൽട്ടണിനെ ചീങ്കണ്ണി ആക്രമിച്ചത്. വെള്ളത്തിൽ മറ്റു ചീങ്കണ്ണികളുമുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. രണ്ടുമണിക്കൂറിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ജൂണിൽ ഒവിഡോ സ്വദേശിനിയായ ബ്രിട്ടാനി ക്ലാർക്ക് (31) 13 അടി നീളമുള്ള ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ 2026ൽ ചീങ്കണ്ണി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 1948 മുതൽ ഫ്ലോറിഡയിൽ ചീങ്കണ്ണി ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 34 ആണെന്നാണ് ഔദ്യോഗിക കണക്ക്. ചീങ്കണ്ണികളുടെ എണ്ണം വീണ്ടെടുത്തിട്ടും അവയ്ക്ക് സംരക്ഷണം തുടരുന്നതിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധി ഗ്രെഗ് സ്റ്റ്യൂബി രംഗത്തെത്തിയിരുന്നു. ജനവാസ-വാണിജ്യ മേഖലകളിലെ ജലാശയങ്ങളിൽനിന്ന് അപകടകാരികളായ ചീങ്കണ്ണികളെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
തടാകക്കരയിൽ ചീങ്കണ്ണിയുള്ളതായി പൊലീസിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മിഷനുമായി ചേർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ച ചീങ്കണ്ണിയെ അധികൃതർ പിടികൂടി കൊന്നു. വന്യജീവികളിൽനിന്ന് അകലം പാലിക്കണമെന്നും ശാന്തമായി തോന്നിയാലും ചീങ്കണ്ണികൾ അപകടകാരികളാകാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Fisherman, 71, attacked and killed by 12-foot alligator alongside Florida lake












