വീണ്ടും പൗരത്വ വിഷയത്തിലേക്ക് കടന്ന് ട്രംപ്; അമേരിക്കൻ പൗരത്വം റദ്ദാക്കാൻ ഭരണകൂടം, ഒക്ടോബറിനകം 250 കേസുകൾ ഫയൽ ചെയ്യാൻ നീക്കം

വാഷിംഗ്ടൺ: യുഎസിൽ കുടിയേറി പൗരത്വം നേടിയ വിദേശികളുടെ പൗരത്വം റദ്ദാക്കാനുള്ള നീക്കങ്ങൾ അതീവ ശക്തമാക്കി ഡോണൾഡ് ട്രംപ് ഭരണകൂടം. വരും ഒക്ടോബർ മാസത്തിനുള്ളിൽ കുറഞ്ഞത് 250 പൗരത്വം റദ്ദാക്കൽ കേസുകളെങ്കിലും ഫയൽ ചെയ്യാൻ നീതിന്യായ വകുപ്പ് പദ്ധതിയിടുന്നതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം അധികാരം ഏറ്റെടുത്ത് രണ്ട് മാസം തികയുന്നതിന് മുൻപ് തന്നെ, വ്യാജരേഖകളിലൂടെയും വഞ്ചനയിലൂടെയും പൗരത്വം നേടിയെന്ന് ആരോപിച്ച് വിദേശികളായ 29 അമേരിക്കക്കാർക്കെതിരെ നീതിന്യായ വകുപ്പ് കേസ് ഫയൽ ചെയ്തുകഴിഞ്ഞു.

പൗരത്വം റദ്ദാക്കാനുള്ള യുഎസ് സർക്കാരിന്റെ ഈ പുതിയ നീക്കം മുൻ വർഷങ്ങളിലെ കണക്കുകളെക്കാൾ വളരെ ഉയർന്ന നിരക്കിലാണ്. സിറാക്കൂസ് യൂണിവേഴ്സിറ്റിയുടെ ട്രാൻസാക്ഷണൽ റെക്കോർഡ്സ് ആക്സസ് ക്ലിയറിംഗ് ഹൗസിന്റെ കണക്കുകൾ പ്രകാരം, 2008 മുതൽ 2026 ജൂൺ 12 വരെയുള്ള കാലയളവിൽ ആകെ 166 പൗരത്വം റദ്ദാക്കൽ പരാതികൾ മാത്രമാണ് അമേരിക്കയിൽ ഫയൽ ചെയ്തിട്ടുള്ളത്. അതായത് പ്രതിവർഷം ശരാശരി 10-ൽ താഴെ കേസുകൾ മാത്രം. എന്നാൽ നിലവിലെ ട്രംപ് ഭരണകൂടം ഈ പ്രക്രിയയുടെ വേഗത വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. പൗരത്വ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് കൂടുതൽ കേസുകൾ കണ്ടെത്തുന്നതിനായി സിവിൽ വ്യവഹാര അഭിഭാഷകർ നിലവിൽ സജീവമായി രംഗത്തുണ്ട്.

അനധികൃത കുടിയേറ്റക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള മുൻ നിലപാടുകളിൽ നിന്ന് മാറി, നിലവിൽ പൗരത്വം ലഭിച്ചവരെപ്പോലും നിരീക്ഷണത്തിലാക്കുന്ന ട്രംപിന്റെ തീവ്രമായ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതിനായി വിവിധ ഫെഡറൽ ഏജൻസികളുടെ വിഭവങ്ങളും ഉദ്യോഗസ്ഥരെയും പൗരത്വം റദ്ദാക്കൽ കേസുകളിലേക്ക് മാത്രമായി തിരിച്ചുവിട്ടിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള സിവിൽ അഭിഭാഷകരെപ്പോലും ഈ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ടെന്ന് നീതിന്യായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെ നിലവിൽ തന്നെ കനത്ത ജോലിഭാരം നേരിടുന്ന യുഎസ് അറ്റോർണി ഓഫീസുകൾ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. വിദേശത്തുനിന്ന് വന്ന് അമേരിക്കൻ പൗരത്വം സ്വീകരിച്ച വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ ഈ പുതിയ നയം കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

More Stories from this section

family-dental
witywide