ഡോണൾഡ് ട്രംപും നെതന്യാഹുവും തമ്മിൽ കടുത്ത ഭിന്നതയെന്ന് വെളിപ്പെടുത്തൽ; ‘അവർ ഒരേ പുസ്തകത്തിൽ പോലുമില്ല’, തുറന്നുപറഞ്ഞ്മുൻ ഇസ്രായേൽ നയതന്ത്രജ്ഞൻ

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള സഖ്യത്തിൽ കടുത്ത വിള്ളലുകൾ വീഴുന്നതായി മുൻ ഉന്നത ഇസ്രായേൽ നയതന്ത്രജ്ഞൻ. ട്രംപും നെതന്യാഹുവും ഒരേ നിലപാടിലാണോ എന്ന ചോദ്യത്തിന്, “അവർ ഇപ്പോൾ ഒരേ പേജിലല്ല, ഒരേ പുസ്തകത്തിൽ പോലുമില്ല” എന്നായിരുന്നു ന്യൂയോർക്കിലെ മുൻ ഇസ്രായേൽ കോൺസൽ ജനറൽ അലോൺ പിങ്കാസിന്റെ മറുപടി. സി.എൻ.എന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി നെതന്യാഹുവിനെക്കുറിച്ച് ഡോണൾഡ് ട്രംപ് നടത്തുന്ന പരസ്യപ്രസ്താവനകളിൽ നിന്ന് തന്നെ ഈ ഭിന്നത വ്യക്തമാണെന്ന് പിങ്കാസ് ചൂണ്ടിക്കാട്ടി. ഇറാനുമായുള്ള യുദ്ധം രണ്ടോ മൂന്നോ ദിവസത്തിനകം അവസാനിപ്പിക്കാൻ കരാറിലെത്തുമെന്ന് ട്രംപ് വ്യക്തമാക്കിയപ്പോൾ, യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശത്തിന് കൃത്യമായൊരു ‘എക്സിറ്റ് സ്ട്രാറ്റജി’ ഇല്ലാത്തതിനെക്കുറിച്ച് അലോൺ പിങ്കാസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്രായേൽ നേരിടുന്ന നിലവിലെ സൈനിക സംഘർഷങ്ങൾ നെതന്യാഹു തന്റെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“തന്ത്രപരമായ വീക്ഷണകോണിൽ നോക്കിയാൽ ഈ യുദ്ധത്തിന് ഒരവസാനമില്ല, എന്നാൽ ഇതിന് പിന്നിൽ വലിയൊരു രാഷ്ട്രീയ കളിയുണ്ട്. നെതന്യാഹു അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. അധികാരം നിലനിർത്താൻ രാജ്യം എപ്പോഴും ഒരു യുദ്ധാവസ്ഥയിൽ തുടരേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്. തന്റെ രാഷ്ട്രീയ നിലനിൽപ്പ് ഉറപ്പാക്കാൻ ഇതൊന്നുമാത്രമേ സഹായിക്കൂ എന്നാണ് നെതന്യാഹു കരുതുന്നത്,” സി.എൻ.എൻ പ്രതിനിധി എലക്സ് മൈക്കൽസണിനോട് പിങ്കാസ് പറഞ്ഞു. യുദ്ധം ദീർഘിപ്പിക്കുന്നതിലൂടെ യു.എസ് ഭരണകൂടത്തിന്റെ അതൃപ്തി സമ്പാദിക്കുകയാണ് നെതന്യാഹുവെന്നും, ഇത് വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും മിഡിൽ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide