ട്രംപും സംഘവും മടങ്ങിയത് ചൈനീസ് സമ്മാനങ്ങൾ ചവറ്റുകുട്ടയിലെറിഞ്ഞ ശേഷം! ചാരപ്പേടിയിൽ യുഎസ് സുരക്ഷാ വിഭാഗം

ദ്വിദിന സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ചൈനയിൽ നിന്ന് മടങ്ങിയത് അവിടെ ലഭിച്ച സമ്മാനങ്ങളെല്ലാം ഉപേക്ഷിച്ച്. വൈറ്റ് ഹൗസ് ജീവനക്കാരും മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് ചൈനയിൽ നിന്ന് ലഭിച്ച സുവനീറുകളും സമ്മാനങ്ങളുമൊന്നും വിമാനത്തിൽ കയറ്റിയില്ല. മടക്കയാത്രയ്ക്കായി ഒരുക്കിയിരുന്ന ‘എയർഫോഴ്‌സ് വൺ’ വിമാനത്തിന് സമീപത്തെ മാലിന്യക്കുട്ടയിലാണ് ഇവയെല്ലാം നിക്ഷേപിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈനീസ് ഭരണകൂടത്തിന്റെ ചാരപ്രവർത്തനത്തെ ഭയന്നാണ് യുഎസ് സംഘം ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. സമ്മാനങ്ങളിലോ ക്ഷണപത്രങ്ങളിലോ ലേപ്പൽ ബാഡ്ജുകളിലോ ചാരവിവരങ്ങൾ ചോർത്താനുള്ള സാങ്കേതികവിദ്യകൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന് വൈറ്റ് ഹൗസ് സുരക്ഷാ വിഭാഗവും സീക്രട്ട് സർവീസും സംശയിക്കുന്നു. ചൈനീസ് നിർമ്മിതമായ ഒരു വസ്തുവും വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിരുന്നു.

ചൈനീസ് സന്ദർശനത്തിന് ശേഷം ലഭിക്കുന്ന വസ്തുക്കൾ സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിക്കുക എന്നത് അമേരിക്കൻ പ്രതിനിധികൾ കാലങ്ങളായി പിന്തുടരുന്ന രഹസ്യ രീതിയാണ്. എന്നാൽ ഇത്തവണ വിമാനത്താവളത്തിൽ പരസ്യമായി തന്നെ സമ്മാനങ്ങൾ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു. യുഎസ് മാധ്യമപ്രവർത്തകരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഈ കർശന നടപടിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

വ്യാപാരം, റെയർ എർത്ത് മൂലകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിർണ്ണായക കരാറുകൾ ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ ചൈനാ സന്ദർശനം. എന്നാൽ യുഎസിൽ നിന്ന് സോയാബീനും ബോയിങ് വിമാനങ്ങളും വാങ്ങാൻ ചൈന തയ്യാറായതൊഴിച്ചാൽ മറ്റ് പ്രധാന കരാറുകളിലൊന്നും ഇരുരാജ്യങ്ങളും ഒപ്പുവെച്ചില്ല. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വ്യക്തമാക്കുന്ന സുരക്ഷാ നടപടികൾ പുറത്തുവന്നത്.

Trump and Team Discard Chinese Gifts Over Spying Fears; Air Force One Boarded Empty-Handed

More Stories from this section

family-dental
witywide