ചർച്ചകളിൽ പുതിയ നിബന്ധനയുമായി ഡോണൾഡ് ട്രംപ്, ഇറാന്റെ നഷ്ടപരിഹാര ആവശ്യത്തിന് പിന്നാലെ തിരിച്ചടിച്ച് യുഎസ്

വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ കടുത്ത നിലപാടുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിന് മുൻപ് തങ്ങൾക്ക് യു.എസ് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇറാന്റെ മുൻകാല അക്രമങ്ങൾക്ക് അമേരിക്കയ്ക്കും തിരിച്ചും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന പുതിയ നിബന്ധന ട്രംപ് മുന്നോട്ടുവെച്ചു.

ഇരുവിഭാഗങ്ങളും പരസ്പരം നഷ്ടപരിഹാര ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതോടെ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളിലേക്ക് എത്താനുള്ള സാധ്യതകൾ വീണ്ടും മങ്ങി. കഴിഞ്ഞ ആഴ്ചയിൽ കരാറിന് അടുത്തെത്തി എന്ന പ്രതീക്ഷകൾ ഉയർന്നിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങൾ ചർച്ചകളെ വീണ്ടും പ്രതിസന്ധിയിലാക്കി.

അഞ്ചുമാസമായി തുടരുന്ന സൈനിക സംഘർഷത്തിൽ ഇറാന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് യു.എസ് നഷ്ടപരിഹാരം നൽകണമെന്ന് ഇറാനിയൻ പ്രതിനിധികൾ ആവശ്യപ്പെടുന്നതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. “മുൻ ചർച്ചകളിലൊന്നും ഇല്ലാത്ത ഇത്തരമൊരു ആവശ്യം ഉന്നയിച്ചത് രസകരമായ ഒരു ആശയമാണ്. അതിനാൽ ഇറാൻ ബോംബാക്രമണങ്ങളിലൂടെയും മറ്റ് സംഘർഷങ്ങളിലൂടെയും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ആളുകൾക്ക് പകരമായി ഇപ്പോൾ ഞങ്ങളും ഇറാനോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്,” ട്രംപ് കുറിച്ചു.

കഴിഞ്ഞ 50 വർഷത്തിനിടെ ഇറാൻ കൊലപ്പെടുത്തിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും, കഴിഞ്ഞ അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ട 52,000 ആളുകൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഭാവിയിൽ നടക്കുന്ന എല്ലാ ചർച്ചകളിലും ഈ വ്യവസ്ഥ കർശനമായി ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന നേതാവായ മുഹമ്മദ് ബാഖർ സോൾഖദർ കടലിടുക്ക് തുറക്കുന്നതിനായി ചില കടുത്ത ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഈ വർഷത്തെ യുദ്ധത്തിലും, പ്രധാനമായും ഇസ്രായേൽ പങ്കെടുത്ത 2025 ജൂണിലെ സംഘർഷത്തിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ഇതിന് മറുപടിയായാണ് ട്രംപ് പുതിയ ഉപാധികളുമായി രംഗത്തെത്തിയത്.

More Stories from this section

family-dental
witywide