‘പുടിനുമായി ധാരണയിലെത്തണം’; സെലെൻസ്കിയോട് ട്രംപ്

കീവ്: റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ധാരണയിലെത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സെലെൻസ്കിയും പുടിനും തമ്മിൽ ഉടൻ കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. സെലെൻസ്കി പുടിനുമായി ധാരണയിലെത്തണം, പുടിനും അദ്ദേഹവുമായി ധാരണയിലെത്തണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകൾക്കും വ്യവസായ കേന്ദ്രങ്ങൾക്കും നേരെ യുക്രെയ്ൻ ദീർഘദൂര ഡ്രോൺ ആക്രമണം തുടരുകയാണ്. യുക്രെയ്നിൽ റഷ്യ നടത്തിയ പുതിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. കീവ്, സപൊറീഷ്യ, സുമി, ഖാർകിവ്, ഒഡേസ മേഖലകളിലാണ് ആക്രമണമുണ്ടായത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.

റഷ്യയിലെ ക്രാസ്നോദർ മേഖലയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് വ്യവസായ കേന്ദ്രങ്ങളിൽ തീപിടിച്ചതായും അധികൃതർ അറിയിച്ചു. റഷ്യൻ അധീനതയിലുള്ള യുക്രെയ്നിലെ സപൊറീഷ്യ മേഖലയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതരും അറിയിച്ചു.

റഷ്യൻ ആക്രമണത്തിൽ സപൊറീഷ്യയിൽ വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയാണ് രണ്ട് സ്ത്രീകൾ മരിച്ചത്. സുമിയിൽ റഷ്യ നടത്തിയ ആക്രമണത്തിലും രണ്ട് പേർ കൊല്ലപ്പെട്ടു. കീവ് മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഗോഡൗണിന് തീപിടിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും റഷ്യയും യുക്രെയ്നും തമ്മിൽ സമാധാന കരാറിലേക്ക് ഇതുവരെ നിർണായക മുന്നേറ്റമുണ്ടായിട്ടില്ല. റഷ്യയുടെ വരുമാനം തടയുന്നതിനായി കൂടുതൽ ഉപരോധങ്ങളും വ്യാപാര നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന് സെലെൻസ്കി ഐക്യരാഷ്ട്രസഭയോടും ആവശ്യപ്പെട്ടു.

Trump calls on Zelenskyy to ‘settle with Putin’ as new strikes kill 10

More Stories from this section

family-dental
witywide