കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർ കോംഗോ) സൈനിക വിമാനം തകർന്നുവീണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 17 പേർ മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം ക്വാങ്ഗോ പ്രവിശ്യയിലെ കെൻഗെയിലാണ് അപകടം. കിക്വിറ്റിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് പോയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കെൻഗെയിൽ അടിയന്തരമായി ഇറക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ഇവിടെ വിമാനമിറക്കാൻ ആവശ്യമായ റൺവേ ഇല്ലാതിരുന്നതിനാൽ വിമാനം ജനവാസ മേഖലയിലേക്ക് തകർന്നുവീഴുകയായിരുന്നുവെന്ന് ക്വാങ്ഗോ ഡെപ്യൂട്ടി ഗവർണർ റെമി സാക്കി ബോകിൻഡ പറഞ്ഞു. നിലത്തിടിച്ച ഉടൻ വിമാനത്തിന് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം 16 മുതിർന്നവരുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ 13ൽ നിന്ന് 17 ആയി ഉയർന്നത്.
അപകടത്തിൽ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി കോംഗോ സൈന്യം അറിയിച്ചു. ഹൈ മിലിട്ടറി കോടതിയുടെ ആദ്യ പ്രസിഡന്റായ ലെഫ്റ്റനന്റ് ജനറൽ ജോസഫ് മുതോംബോയും സൈന്യത്തിന്റെ ഓഡിറ്റർ ജനറലായ ലെഫ്റ്റനന്റ് ജനറൽ ലൂസിയൻ-റെനെ ലികുലിയയുമാണ് മരിച്ച ഉദ്യോഗസ്ഥർ. അപകടത്തിൽ ഡിആർ കോംഗോ പ്രസിഡന്റ് ഫെലിക്സ്-ആന്റോയിൻ ഷിസെകെഡി ഷിലോംബോ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം ഉത്തരവിട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്കും രാജ്യത്തെ സായുധ സേനയ്ക്കും അദ്ദേഹം അനുശോചനം അറിയിച്ചു. സെപ്റ്റംബർ 25ന് കെൻഗെയിലുണ്ടായ വിമാനാപകടത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി സൈനികരും വിമാന ജീവനക്കാരും മരിച്ചതായി പ്രസിഡൻഷ്യൽ ഓഫിസ് എക്‌സിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അറിയിച്ചു. സായുധ സേനയുടെ പരമാധികാര കമാൻഡർ എന്ന നിലയിൽ അപകടത്തിൽ മരിച്ച എല്ലാവരുടെയും സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
At least 17 killed in DR Congo plane crash, including senior military officials













