എട്ട് വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയതായി ട്രംപിന്റെ അവകാശവാദം, നിഷേധിച്ച് ടെഹ്‌റാൻ; ആരാണ് ആ 8 പേർ

എട്ട് വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ നടപ്പിലാക്കുന്നതിൽ നിന്ന് ഇറാൻ പിന്മാറിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇന്ന് രാത്രി നടക്കേണ്ടിയിരുന്ന വധശിക്ഷകൾ തന്റെ അഭ്യർത്ഥന മാനിച്ചാണ് ഇറാൻ റദ്ദാക്കിയതെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. തടവിലാക്കപ്പെട്ടവരിൽ നാലുപേരെ ഉടൻ വിട്ടയക്കുമെന്നും ബാക്കിയുള്ള നാലുപേരുടെ ശിക്ഷ ഒരു മാസത്തെ തടവായി ചുരുക്കിയെന്നുമാണ് ട്രംപിന്റെ കുറിപ്പിൽ പറയുന്നത്. ഇറാനിലെ നേതാക്കൾ തന്റെ വാക്കുകൾക്ക് നൽകിയ വിലമതിപ്പിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ഇറാൻ രംഗത്തെത്തി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകൾ എന്നൊരു കേസ് തന്നെ നിലവിലില്ലെന്നാണ് ഇറാനിയൻ അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലാത്തതിനാൽ വധശിക്ഷ റദ്ദാക്കി എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് ടെഹ്‌റാൻ അറിയിച്ചു. ഇറാൻ വിഷയത്തിൽ ട്രംപ് നടത്തുന്ന പ്രസ്താവനകൾ നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.

ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി പറയപ്പെടുന്ന എട്ട് വനിതാ പ്രക്ഷോഭകരുടെ വിവരങ്ങൾ താഴെ നൽകുന്നു. വിവിധ മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇവരിൽ ചിലരുടെ ഐഡന്റിറ്റിയും അവർക്കെതിരെയുള്ള ആരോപണങ്ങളും താഴെ പറയുന്നവയാണ്:

  1. ബിത ഹെമ്മതി (Bita Hemmati):
    ജനുവരിയിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെയാണ് ഇവർ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു, സിമന്റ് കട്ടകൾ എറിഞ്ഞു, രാജ്യസുരക്ഷയെ തടസ്സപ്പെടുത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഭർത്താവിനൊപ്പമാണ് ഇവർ തടവിലായത്.
  2. ഡയാന താഹെരാബാദി (Diana Taherabadi):
    വെറും 16 വയസ്സ് മാത്രമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ഡയാന. ജനുവരിയിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് ഈ പെൺകുട്ടിയെ തടങ്കലിലാക്കിയത്.
  3. മഹ്ബൂബെ ഷബാനി (Mahboubeh Shabani):
    33 വയസ്സുകാരിയായ മഹ്ബൂബെ ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ സഹായിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം.
  4. എൻസിഹ് നെജാത്തി (Ensieh Nejati):
    കുർദിഷ് വനിതാ അവകാശ പ്രവർത്തകയാണ് ഇവർ. 2025-ന്റെ തുടക്കത്തിലാണ് എൻസിഹിന് വധശിക്ഷ വിധിച്ചത്. ഇവർക്ക് ഒരു കൊച്ചു കുട്ടിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  5. ഗോൽനാസ് നരാഘി (Golnaz Naraghi):
    37 വയസ്സുകാരിയായ ഇവർ അടിയന്തര വിഭാഗം ഡോക്ടറാണ് (Emergency Medicine Specialist). പ്രക്ഷോഭങ്ങൾക്കിടെയാണ് ഇവരെയും അറസ്റ്റ് ചെയ്തത്.
  6. വീനസ് ഹുസൈൻ നെജാദ് (Venus Hossein Nejad):
    ജോലിസ്ഥലത്തുനിന്നാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്. സർക്കാർ ടെലിവിഷനിൽ നിർബന്ധിത കുറ്റസമ്മതം നടത്തിക്കാൻ ഇവരെ പ്രേരിപ്പിച്ചതായും ആരോപണമുണ്ട്.
  7. ഗസൽ ഖലന്ദരി (Ghazal Ghalandari)
  8. പനാ മൊവാഹെദി (Panah Movahedi)

ഇവരിൽ പലർക്കുമെതിരെ രാജ്യദ്രോഹം, പ്രതിഷേധങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ പൊതുവായ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എന്നാൽ ഇറാൻ സർക്കാർ ഈ എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചുവെന്ന വാർത്ത ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ വിവരങ്ങളെല്ലാം വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെയും മനുഷ്യാവകാശ സംഘടനകളെയും ഉദ്ധരിച്ചുള്ളതാണ്.

Trump claims Iran halted execution of 8 women protesters; Tehran denies existence of case

More Stories from this section

family-dental
witywide