ഇറാന്‍റെ ആണവമോഹം മുളയിലേ നുള്ളും, ചാൾസ് രാജാവിനെ സാക്ഷിയാക്കി ട്രംപിന്‍റെ പ്രഖ്യാപനം; മിഡിൽ ഈസ്റ്റിൽ സുപ്രധാന നീക്കങ്ങൾ

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന് നൽകിയ ഔദ്യോഗിക വിരുന്നിനിടെ ഇറാൻ വിഷയത്തിൽ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ സൈനികമായി പരാജയപ്പെടുത്തിക്കഴിഞ്ഞുവെന്നും ഇനിയൊരിക്കലും ഇറാനെ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ബ്രിട്ടനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര ഭിന്നതകൾക്കിടയിലും ചാൾസ് രാജാവിനെക്കൂടി ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചാണ് ട്രംപിന്‍റെ പ്രതികരണം.

മിഡിൽ ഈസ്റ്റിൽ ഇപ്പോൾ ചില സുപ്രധാന നീക്കങ്ങൾ നടക്കുകയാണെന്നും അത് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് വിരുന്നിൽ വ്യക്തമാക്കി. “നമ്മൾ സൈനികമായി ആ ശത്രുവിനെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇറാൻ ഒരു ആണവായുധം നിർമ്മിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല, ഇക്കാര്യത്തിൽ എന്നെക്കാൾ അധികമായി ചാൾസ് രാജാവും എന്നോട് യോജിക്കുന്നു,” എന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷി തകർന്നുവെന്ന ആത്മവിശ്വാസമാണ് തന്റെ വാക്കുകളിലൂടെ പ്രസിഡന്റ് പങ്കുവെച്ചത്.

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ചുമതലകളും ഇറാൻ യുദ്ധത്തിലെ പങ്കാളിത്തവും സംബന്ധിച്ച് അമേരിക്കയും ബ്രിട്ടനും തമ്മിൽ നിലവിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ചാൾസ് രാജാവിനെ സാക്ഷിയാക്കി ട്രംപ് നടത്തിയ ഈ പരസ്യ പ്രഖ്യാപനം ബ്രിട്ടീഷ് സർക്കാരിനെ ഏത് രീതിയിൽ ബാധിക്കുമെന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്. ഇറാൻ യുദ്ധത്തിൽ അമേരിക്ക കൈവരിച്ച മുന്നേറ്റങ്ങൾ സമാധാന ചർച്ചകളിൽ കൂടുതൽ കരുത്ത് പകരുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടൽ.

More Stories from this section

family-dental
witywide