കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ ഉണ്ടായ അപകടത്തിൽ പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസെടുക്കാൻ പോലീസ് നീക്കം. പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന്റെ പേരിലാണ് പിതാവിനെതിരെ കേസെടുക്കുക. മകൻ വാഹനമെടുത്ത് പോയതിനെ കുറിച്ച് തനിക്കറിയില്ലെന്നും ആദ്യമായാണ് മകൻ വാഹനമോടിക്കുന്നതെന്നുമാണ് പിതാവ് പോലീസിനോട് പറഞ്ഞത്.
യുവാവ് ഓടിച്ച വാഹനത്തിൻ്റെ ആർ.സി ഉടമ പിതാവായ ജഡ്ജിയാണ്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജയപാലകൃഷ്ണണൻ്റെ സ്കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു. വാഹനമോടിച്ച 17-കാരനെയും ഓടിച്ച ബെൻസ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
Cheranalloor accident: Case to be registered against judge father for allowing his minor son to drive the vehicle.









