എൽ സയീദിന്‍റെ വിജയത്തിൽ അപ്രതീക്ഷിത പ്രതികരണവുമായി ട്രംപ്; ‘റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ നേട്ടമെന്ന്’ പ്രസിഡന്‍റ്, ജാഗ്രതാ മുന്നറിയിപ്പുമായി വാൻസ്

വാഷിംഗ്ടൺ: മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ പുരോഗമനപക്ഷ സ്ഥാനാർത്ഥി അബ്‍ദുൾ എൽ സയീദ് നേടിയ വൻ വിജയത്തോട് പ്രതികരിച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും. എൽ സയീദിന്റെ ഈ വിജയം റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ച മികച്ച വാർത്തയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എതിരാളിയായ ഹേലി സ്റ്റീവൻസ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, പതിവുപോലെ ഇത്തവണയും പോൾ സർവേകൾ പാടെ തെറ്റിയെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കുറിച്ചു.

അതേസമയം, എൽ സയീദിന്റെ കടന്നുവരവിനെ വലിയൊരു രാഷ്ട്രീയ ഭീഷണിയായാണ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചൂണ്ടിക്കാണിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന മുഖമായി എൽ സയീദ് മാറുകയാണെന്ന് വാൻസ് നിരീക്ഷിച്ചു. തങ്ങൾ കൈവരിച്ച നേട്ടങ്ങൾക്ക് തിരിച്ചടിയാകാൻ സാധ്യതയുള്ള വ്യക്തിയായി എൽ സയീദിനെ വിശേഷിപ്പിച്ച അദ്ദേഹം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ ജാഗ്രത പുലർത്തണമെന്നും, നിലവിലുള്ള ഭരണ നേട്ടങ്ങൾ ഇല്ലാതാക്കാൻ പ്രതിപക്ഷത്തെ അനുവദിക്കരുതെന്നും കോൺഗ്രസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

അമേരിക്കൻ രാഷ്ട്രീയത്തിലെ വൻ സ്രാവുകളെയും കോടികളുടെ പണമൊഴുക്കിനെയും തട്ടിത്തെറിപ്പിച്ചാണ് അബ്‍ദുൾ എൽ സയീദ് തിളക്കമാർന്ന വിജയം നേടിയത്. സെനറ്റർ ബേണി സാണ്ടേഴ്സ്, പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് എന്നിവരടങ്ങുന്ന പുരോഗമന പക്ഷ നേതാക്കൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് ഈ വിജയം. എന്നാൽ മറുവശത്ത്, ഡെമോക്രാറ്റിക് പ്രമുഖരായ ചക് ഷൂമർ, കിർസ്റ്റൺ ഗില്ലിബ്രാൻഡ് എന്നിവർക്ക് കടുപ്പമേറിയ പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്. ഹേലി സ്റ്റീവൻസിന് പിന്തുണ പ്രഖ്യാപിച്ച മുതിർന്ന ഡെമോക്രാറ്റിക് നേതൃത്വത്തെ പാടെ നിരാകരിച്ചാണ് ജനങ്ങൾ എൽ സയീദിനെ നെഞ്ചിലേറ്റിയത്.

More Stories from this section

family-dental
witywide