വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) സംരക്ഷിക്കുന്നതിനായി ‘എഐ ഫോഴ്സ്’ രൂപീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഐയെ തകർക്കാൻ ‘റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകൾ’ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. നിർദിഷ്ട എഐ ഫോഴ്സിന് നേതൃത്വം നൽകാൻ ‘എഐ സാർ’ എന്ന പദവിയും രൂപീകരിക്കും.
‘രാജ്യത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകൾ വർഷങ്ങളായി നിരവധി വ്യാജപ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന എഐയെ തകർക്കാനുള്ള നീക്കവും നടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇത് നോക്കിനിൽക്കാൻ ഞാൻ തയ്യാറല്ല’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തന്റെ ആദ്യ ഭരണകാലത്ത് രൂപീകരിച്ച സ്പേസ് ഫോഴ്സിന്റെ മാതൃകയിലായിരിക്കും എഐ ഫോഴ്സും രൂപീകരിക്കുകയെന്ന് ട്രംപ് പറഞ്ഞു. ‘എഐ സാർ’യെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എഐ സാർ പദവിയിലേക്ക് ‘ഉയർന്ന ഐക്യു ഉള്ളവർ’ മാത്രമേ അപേക്ഷിക്കാവൂ എന്നും ട്രംപ് പറഞ്ഞു. അടുത്ത വ്യാവസായിക വിപ്ലവമായി എഐ മാറുമെന്നും യുഎസ് സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തിന്റെ ജിഡിപിയുടെ 25 ശതമാനം വരെ എഐ മേഖലയിൽനിന്ന് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, എഐയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുകയും വ്യവസായ രംഗത്തെ പ്രമുഖർ അതിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. എഐയുടെ ‘തകർച്ചയോ നാശമോ’ ആഗ്രഹിക്കുന്നത് ലിബറലുകളാണെന്നും ട്രംപ് ആരോപിച്ചു.
Only high IQ individuals need apply’: Trump announces ‘Al Force’











