ട്രംപിന്‍റെ വിശദീകരണത്തിൽ തൃപ്തിയില്ല, റഷ്യക്കെതിരായ ഉപരോധങ്ങൾ ഒഴിവാക്കിയ തീരുമാനത്തിൽ വ്യാപക പ്രതിഷേധം; ഇരുപാർട്ടികളിൽ നിന്നും വിമർശനം

വാഷിംഗ്ടൺ: റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങൾ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് അവ മരവിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എടുത്ത അപ്രതീക്ഷിത തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. കോൺഗ്രസിൽ ഇരുപാർട്ടികളിൽ നിന്നും (റിപ്പബ്ലിക്കൻ – ഡെമോക്രാറ്റിക്) ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാസാക്കിയ ഉഭയകക്ഷി നിയമപ്രകാരമുള്ള ഉപരോധങ്ങളാണ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ താൽക്കാലികമായി ഒഴിവാക്കിയത്. ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്ന ലിൻഡ്സെ ഗ്രഹാം മരണപ്പെടുന്നതിന് മുൻപ് ഏറെ പ്രയത്നിച്ച് പാസാക്കിയെടുത്ത സുപ്രധാന നിയമമായിരുന്നു ഇത്. അതിനാൽ തന്നെ ട്രംപിന്‍റെ പുതിയ തീരുമാനം ഗ്രഹാമിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന് ഏറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

യുക്രെയ്ൻ വിഷയത്തിലുള്ള ട്രംപിന്‍റെ നിലപാടും വിമർശനങ്ങളും

യുക്രെയ്നെതിരെ റഷ്യ തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തുമ്പോഴും യുക്രെയ്നെതിരെയാണ് ട്രംപ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. “റഷ്യ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും, എന്നാൽ അമേരിക്ക യുക്രെയ്ന് ഏറെ നൽകിയിട്ടും തിരിച്ചൊന്നും ലഭിച്ചിട്ടില്ലെന്നും” വൈറ്റ് ഹൗസ് സൗത്ത് ലോണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. യുക്രെയ്നിലെ ഊർജ കേന്ദ്രങ്ങൾ, സ്കൂളുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് നേരെ റഷ്യ കടുത്ത ആക്രമണങ്ങളാണ് അടുത്തിടെ നടത്തിയത് എന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കിയും വ്യക്തമാക്കിയിരുന്നു.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്ന പ്രമുഖരെയും എണ്ണ-വാതക വാങ്ങലുകാരെയും ലക്ഷ്യമിട്ടായിരുന്നു ഈ ഉപരോധങ്ങൾ കൊണ്ടുവന്നത്. എന്നാൽ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ ഇന്ധനവില പിടിച്ചുനിർത്തേണ്ട സമ്മർദ്ദം ട്രംപ് ഭരണകൂടത്തിനുണ്ട്. അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഉപരോധങ്ങൾ ഒഴിവാക്കുന്നതെന്നാണ് ട്രംപ് കോൺഗ്രസിന് നൽകിയ വിശദീകരണം.

More Stories from this section

family-dental
witywide