മധ്യപൂർവേഷ്യയിലെ സംഘർഷം; ക്രൂഡ് ഓയിൽ വില 110 ഡോളറിനടുത്ത്

മധ്യപൂർവേഷ്യയിലെ സംഘർഷത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനടുത്ത്. റഷ്യൻ എണ്ണ കയറ്റുമതിക്കുമേലുള്ള ചില നിയന്ത്രണങ്ങളിൽ യുഎസ് ഇളവ് വരുത്തിയതും സൗദി അറേബ്യയ്ക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. യുഎസ് ക്രൂഡ് ഓയിൽ വിലയായ ഡബ്ല്യുടിഐ ബാരലിന് 98.72 ഡോളറിലെത്തി. 0.18 ശതമാനമാണ് വർധന. ബ്രെന്റ് ക്രൂഡ് വില 0.15 ശതമാനം ഉയർന്ന് 109.70 ഡോളറിലെത്തി.

തിങ്കളാഴ്ച വ്യാപാരത്തിനിടെ ബ്രെന്റ് വില 110.70 ഡോളർ വരെ ഉയർന്നിരുന്നു. മേയ് 20നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റഷ്യൻ എണ്ണയ്ക്കും ഇന്ധനത്തിനും മേലുള്ള ചില ഉപരോധങ്ങളിലും തീരുവകളിലും ഇളവ് നൽകാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനവും വിപണി വിലയിരുത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സാഹചര്യം വിലയിരുത്താൻ കൂടുതൽ സമയം വേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു.

അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ റഷ്യയുടെ ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 84.3 ലക്ഷം ബാരലായി ഉയർന്നു. മുൻ മാസത്തേക്കാൾ 65,000 ബാരലിന്റെ വർധനയാണിത്. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപാദനം പ്രതിദിനം 8.7 ലക്ഷം ബാരൽ കുറവാണ്. അതേസമയം, സൗദി അറേബ്യയിലെ ഊർജ, വിമാനത്താവള, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിങ്കളാഴ്ച നിരവധി ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. യാൻബുവിലെ അരാംകോ കേന്ദ്രം, ഷൈബ എണ്ണപ്പാടം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ വിമാനത്താവളം എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം.

എന്നാൽ സൗദി അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, യെമനിലെ ഷബ്‌വ പ്രവിശ്യയിൽ സർക്കാർ സുരക്ഷാസേനയുടെ പരിശീലന ക്യാംപിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിലെ പുതിയ ആക്രമണങ്ങൾ ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചതോടെ, റഷ്യൻ എണ്ണയുടെ ലഭ്യത കൂടാനുള്ള സാധ്യതയുണ്ടെങ്കിലും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ തുടരുകയാണ്.

Crude holds near $110 per barrel as Middle East tensions keep supply concerns alive

More Stories from this section

family-dental
witywide