
ഇന്ത്യ – യു.എസ് വ്യാപാര കരാറിൽ ശുഭവാർത്ത ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുന്നേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇനി വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് പരിഹരിക്കാനുള്ളതെന്നും, അതിനാൽ നല്ല വാർത്ത വൈകാതെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഊർജ്ജ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താൻ ഉദ്ദേശിച്ച 100 ശതമാനം അധിക തീരുവ രണ്ട് മാസത്തേക്ക് മരവിപ്പിച്ച അമേരിക്കൻ നടപടിയും ചർച്ചയിലെ പ്രധാന വിഷയമായി. റഷ്യൻ എണ്ണയ്ക്ക് പകരം ബദൽ ഇന്ധന സ്രോതസ്സുകൾ കണ്ടെത്താൻ സുഹൃദ് രാജ്യങ്ങൾക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചതായി മാർക്കോ റൂബിയോ ആവർത്തിച്ചു വ്യക്തമാക്കി. ഈ താരിഫ് ഇളവ് ലഭിച്ച സാഹചര്യത്തിൽ, അമേരിക്കയിലെ ഫ്ലോറിഡയിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ഉറപ്പായിട്ടുണ്ട്. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണുമ്പോൾ പ്രധാനമന്ത്രി ഈ താരിഫ് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി വൈകിട്ട് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷ ചടങ്ങിലും മാർക്കോ റൂബിയോ പങ്കെടുക്കും. തുടർന്ന് നാളെ മുംബൈയിൽ നിന്നും ജാംനഗറിലേക്ക് തിരിക്കുന്ന അദ്ദേഹം റിലയൻസിന്റെ റിഫൈനറിയും സന്ദർശിക്കുമെന്നാണ് വിവരം. റഷ്യ – യുക്രെയ്ൻ സംഘർഷങ്ങളും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും വിലയിരുത്തിയിട്ടുണ്ട്. നിർണായക ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ.
India-US Trade Deal Announcement Expected Soon as Marco Rubio Meets Jaishankar in Mumbai; PM Modi’s G20 Visit Confirmed











