ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണശ്രമം: എഫ്ബിഐയുടെ രഹസ്യാന്വേഷണ സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാജാ കൃഷ്ണമൂർത്തി

ഷിക്കാഗോയ്ക്ക് സമീപം ഹിന്ദു ക്ഷേത്രത്തിന് നേരെ നാസി അനുകൂല തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടെന്ന സംഭവം പരാജയപ്പെടുത്തിയതിന് പിന്നാലെ, ആഭ്യന്തര തീവ്രവാദ ഭീഷണികൾ നേരിടുന്നതിൽ എഫ്ബിഐയുടെ പ്രവർത്തനങ്ങളും രഹസ്യാന്വേഷണ സംവിധാനത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഭാഗ്യത്തെ ആശ്രയിച്ചാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഷിക്കാഗോയ്ക്ക് സമീപമുള്ള അറോറയിലെ ശ്രീ വെങ്കടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തിൽ 19കാരനായ അലക്സാൻഡ്രോസ് പാപൊറാക്കിസിനെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശംവച്ചതിനുമാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. കൃഷ്ണമൂർത്തിയും കുടുംബവും ആരാധനയ്ക്കായി എത്തിയിരുന്ന ക്ഷേത്രത്തെയാണ് ആക്രമണത്തിന് ലക്ഷ്യമിട്ടതെന്നാണ് ആരോപണം.

ഭീഷണിയുണ്ടായിട്ടും താനും കുടുംബവും ക്ഷേത്രത്തിൽ പോകുന്നതും വിശ്വാസം അനുഷ്ഠിക്കുന്നതും തുടരുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. ആക്രമണഭീഷണിയുടെ പേരിൽ മതവിശ്വാസങ്ങളിലോ ആരാധനാരീതികളിലോ മാറ്റം വരുത്താൻ വിശ്വാസികളെ നിർബന്ധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ വീണ്ടും ക്ഷേത്രത്തിലേക്ക് പോകും. വീണ്ടും വീണ്ടും പോകും. പ്രാർഥിക്കുന്ന രീതിയിലോ മതവിശ്വാസം അനുഷ്ഠിക്കുന്ന രീതിയിലോ മാറ്റം വരുത്തില്ല. നമ്മൾ ആരാണെന്നത് മാറ്റാനാണ് അക്രമികൾ ആഗ്രഹിക്കുന്നത്. അവർക്കോ, ഭയത്തിനോ മുന്നിൽ ഞങ്ങൾ കീഴടങ്ങില്ല എന്നും എഎൻഐയോട് അദ്ദേഹം പറഞ്ഞു.

മതവിശ്വാസമോ വംശീയ പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ അമേരിക്കക്കാർക്കും സ്വതന്ത്രമായി മതം അനുഷ്ഠിക്കാനാകണമെന്നും . ഹിന്ദുക്കൾ, സിഖുകാർ, ജൂതർ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ തുടങ്ങി ഇന്ത്യൻ വംശജരായാലും മറ്റേതെങ്കിലും പശ്ചാത്തലത്തിൽ നിന്നുള്ളവരായാലും എല്ലാവർക്കും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പ്രതി രണ്ടുവർഷത്തോളം പദ്ധതിയിട്ടിരുന്നുവെന്ന പ്രോസിക്യൂട്ടർമാരുടെ വിലയിരുത്തലുകൾ ചൂണ്ടിക്കാട്ടിയ കൃഷ്ണമൂർത്തി, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളിലെ വിഭവങ്ങളുടെ വിനിയോഗത്തിലെ വീഴ്ച കാരണം നിർണായക മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടിരിക്കാമെന്ന് മുന്നറിയിപ്പ് നൽകി.

ശ്രദ്ധിക്കപ്പെടാതെ പോയ സൂചനകൾ തീർച്ചയായും ഉണ്ടായിരിക്കാം. രാജ്യത്തിനുള്ളിലെ ഭീഷണികളും ഇത്തരം ആഭ്യന്തര തീവ്രവാദ പ്രവർത്തനങ്ങളും കണ്ടെത്തേണ്ട എഫ്ബിഐ, ഇത്തരം ഗൂഢാലോചനകൾ നേരത്തേ കണ്ടെത്തി തടയാൻ ആവശ്യമായ വിഭവങ്ങൾ വിനിയോഗിക്കുന്നില്ലെന്നാണ് എന്റെ ആശങ്ക. വൻ ദുരന്തം ഒഴിവായത് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ മൂലമാണെന്നും കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. സുരക്ഷ ഉറപ്പാക്കാൻ നമ്മൾ ഭാഗ്യത്തെ ആശ്രയിക്കേണ്ടിവരരുത്. എന്നാൽ ഇത്തരം യഥാർഥ ഭീഷണികളിൽ എഫ്ബിഐ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന ആശങ്കയുണ്ട്. സമാനമായ മറ്റൊരു ഗൂഢാലോചന സംഭവിക്കുകയും അത് കണ്ടെത്തുമ്പോഴേക്കും വൈകിപ്പോകുകയും ചെയ്യുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷകുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ വിശദമായ വിവരശേഖരണം നടത്തണമെന്നും ഇത്തരം കുറ്റകൃത്യങ്ങളുടെ സ്വഭാവവും ആവർത്തിക്കുന്ന രീതികളും തിരിച്ചറിഞ്ഞ് ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കൃത്യമായ കണക്കുകൾ ആവശ്യമാണെന്നും വിദ്വേഷകുറ്റകൃത്യങ്ങളുടെയും ഭീകരാക്രമണ ഗൂഢാലോചനകളുടെയും വിവരങ്ങൾ വിവിധ വിഭാഗങ്ങൾ അടിസ്ഥാനമാക്കി വേർതിരിച്ച് ശേഖരിക്കണമെന്ന് എഫ്ബിഐയോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

US Congressman Raja Krishnamoorthi flags FBI resource gaps after alleged plot to attack Hindu temple

More Stories from this section

family-dental
witywide