
വാഷിംഗ്ടൺ: തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധത്തിനൊടുവിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതിരോധത്തിലായി. പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു. തൻ്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലാണ് വിവാദമായ എഐ നിർമ്മിത ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയുടെ തലയിൽ കൈവെച്ച് സുഖപ്പെടുത്തുന്ന രീതിയിലായിരുന്നു ചിത്രത്തിൽ ട്രംപിനെ ചിത്രീകരിച്ചിരുന്നത്. വെള്ള വസ്ത്രം ധരിച്ച ട്രംപിൻ്റെ കൈകളിൽ നിന്ന് പ്രകാശം പുറപ്പെടുന്നതായും പശ്ചാത്തലത്തിൽ അമേരിക്കൻ പതാക, സ്റ്റാച്യു ഓഫ് ലിബർട്ടി, യുദ്ധവിമാനങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ചിത്രം ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന വിമർശനം ട്രംപിൻ്റെ കടുത്ത അനുയായികളിൽ നിന്ന് പോലും ഉയർന്നു.
വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. “ഞാൻ ആ ചിത്രം കണ്ടപ്പോൾ കരുതിയത് എന്നെ ഒരു ഡോക്ടറായി ചിത്രീകരിച്ചതാണെന്നാണ്. റെഡ് ക്രോസ് പ്രവർത്തകയ്ക്കൊപ്പം ഒരു ഡോക്ടർ രോഗികളെ സുഖപ്പെടുത്തുന്നതായാണ് എനിക്ക് തോന്നിയത്,” ട്രംപ് മാധ്യമപ്രവർത്തകരോട് തൻ്റെ വിചിത്രമായ ന്യായ വാദം ഉന്നയിച്ചു. തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “ഞാൻ ആളുകളെ സുഖപ്പെടുത്താറുണ്ട്. അവരെ ഞാൻ ഒരുപാട് മെച്ചപ്പെടുത്തുന്നുമുണ്ട്.”
വിമർശനവുമായി ക്രൈസ്തവ നേതാക്കൾ
ട്രംപിൻ്റെ വിശ്വസ്തരിൽ പലരും ചിത്രത്തിനെതിരെ പരസ്യമായി രംഗത്തെത്തി. “ഇത് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്. ഒരു സാഹചര്യത്തിലും ഇത് അംഗീകരിക്കാനാവില്ല”- എന്ന് പ്രമുഖ ക്രിസ്ത്യൻ ആക്ടിവിസ്റ്റ് സീൻ ഫ്യൂക്റ്റ് പറഞ്ഞു.
മറ്റൊരു കൺസർവേറ്റീവ് ആക്ടിവിസ്റ്റായ റൈലി ഗെയിൻസ് “ദൈവത്തെ ആരും പരിഹസിക്കരുത്” എന്ന് കുറിച്ചപ്പോൾ, ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിലെ മാധ്യമപ്രവർത്തകൻ ഡേവിഡ് ബ്രോഡി പറഞ്ഞത് “ഇത് അതിരുകടന്നുപോയി, എല്ലാ പരിധികളും ലംഘിച്ചു” എന്നാണ്.
മാർപ്പാപ്പയുമായി കൊമ്പുകോർത്ത് ട്രംപ്
ചിത്രം പോസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ലിയോ പതിനാലാമൻ മാർപ്പാപ്പയെ വിമർശിച്ചുകൊണ്ട് ട്രംപ് മറ്റൊരു സന്ദേശം പങ്കുവെച്ചിരുന്നു. ഇറാനിലെ അമേരിക്കൻ സൈനിക നടപടിയെ മാർപ്പാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. “ലിയോ മാർപ്പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വളരെ ദുർബലനാണ്, അദ്ദേഹത്തിൻ്റെ വിദേശനയം മോശമാണ്,” എന്ന് ട്രംപ് ആരോപിച്ചു.
എന്നാൽ തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മാർപ്പാപ്പയും വ്യക്തമാക്കി. “എനിക്ക് ട്രംപ് ഭരണകൂടത്തെയോ സത്യം വിളിച്ചുപറയുന്നതിനെയോ ഭയമില്ല. സുവിശേഷത്തിൻ്റെ സന്ദേശം ലോകത്തോട് ഉറക്കെ പറയുക എന്നതാണ് എൻ്റെ ദൗത്യം,” എന്ന് അദ്ദേഹം പ്രതികരിച്ചു. മുമ്പും സമാനമായ രീതിയിൽ വിവാദ പോസ്റ്റുകൾ ട്രംപിൻ്റെ അക്കൗണ്ടിൽ നിന്ന് വന്നിട്ടുണ്ട്. ഫെബ്രുവരിയിൽ ഒബാമ ദമ്പതികളെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചതും വലിയ വിവാദമായിരുന്നു.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ വലിയ വംശീയ അധിക്ഷേപത്തിന് വഴിവെച്ചിരുന്നു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും മിഷേൽ ഒബാമയെയും കുരങ്ങുകളോട് ഉപമിക്കുന്ന തരത്തിലുള്ള വംശീയമായ ഒരു ക്ലിപ്പാണ് വീഡിയോയുടെ അവസാനം ഉണ്ടായിരുന്നത്. “The Lion Sleeps Tonight” എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ ഒബാമ ദമ്പതികളുടെ മുഖം വാനര ശരീരങ്ങളിൽ ചേർത്തു വെച്ച ഈ വീഡിയോ, 2020-ലെ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച വ്യാജ ആരോപണങ്ങൾക്കൊപ്പമാണ് പോസ്റ്റ് ചെയ്തത്. കടുത്ത വിമർശനങ്ങളെത്തുടർന്ന് ഏകദേശം 12 മണിക്കൂറുകൾക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തു. തുടക്കത്തിൽ ഇതൊരു വെറും “മീം” ആണെന്നും പ്രതിഷേധം വ്യാജമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചെങ്കിലും, പിന്നീട് ഒരു സ്റ്റാഫിന് പറ്റിയ പിഴവാണെന്ന് പറഞ്ഞ് അധികൃതർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ടിം സ്കോട്ട് ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോയെ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.
Trump has removed the post after a social media backlash over a picture he shared that compared him to Jesus Christ.














