വാഷിങ്ടൺ: പൊതുജനങ്ങളെ ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അതിലൂടെ ലഭിച്ച വൻ വരുമാനത്തിന്റെ വലിയൊരു ഭാഗം ഓഹരികളിലും ബോണ്ടുകളിലും പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറ്റിയതായി അദ്ദേഹത്തിന്റെ പുതിയ സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ഗവൺമെന്റ് എത്തിക്സ് ഓഫീസിൽ സമർപ്പിച്ച സാമ്പത്തിക രേഖകൾ പ്രകാരം, ട്രംപിന് കഴിഞ്ഞ വർഷം കുടുംബത്തിന്റെ ക്രിപ്റ്റോ സംരംഭങ്ങളായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ, ട്രംപ് മീം കോയിൻ എന്നിവയിൽ നിന്ന് 1.4 ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചു.
റോയിട്ടേഴ്സ് നടത്തിയ വിശകലനമനുസരിച്ച്, ക്രിപ്റ്റോ പദ്ധതികളിൽ നിന്നുള്ള വരുമാനം വർധിച്ചതോടെ ട്രംപിന്റെ ഓഹരി-ബോണ്ട് നിക്ഷേപങ്ങളും നാലിരട്ടിയിലധികം ഉയർന്നു. 2025 അവസാനത്തോടെ അദ്ദേഹത്തിന്റെ പരമ്പരാഗത നിക്ഷേപങ്ങളുടെ മൂല്യം 703 ദശലക്ഷം മുതൽ 2.6 ബില്യൺ ഡോളർ വരെയായപ്പോൾ, 2024 അവസാനം ഇത് 225 മുതൽ 608 ദശലക്ഷം ഡോളർ വരെയായിരുന്നു. സാമ്പത്തിക രേഖകൾ പരിശോധിച്ച ഡിജിറ്റൽ ആസ്തി വിദഗ്ധർ പറയുന്നത്, ട്രംപിന്റെ വ്യക്തിഗത നിക്ഷേപ രീതി ക്രിപ്റ്റോയെ ദീർഘകാല സമ്പാദ്യ മാർഗമായി കാണുന്നില്ലെന്നാണ്. ക്രിപ്റ്റോയിൽ നിന്ന് ലാഭം നേടി അത് പരമ്പരാഗത സാമ്പത്തിക ആസ്തികളിലേക്ക് മാറ്റുന്ന സമീപനമാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഹാർവാർഡ് സർവകലാശാലയിലെ ഡിജിറ്റൽ ആസറ്റ്സ് പോളിസി പ്രോജക്ട് ഡയറക്ടർ ടിമോത്തി മസ്സാഡ് പറയുന്നതനുസരിച്ച്, അമേരിക്കയെ ലോകത്തിന്റെ ക്രിപ്റ്റോ കേന്ദ്രമാക്കുമെന്ന് ട്രംപ് പൊതുവേദികളിൽ പറയുമ്പോഴും, അദ്ദേഹത്തിന്റെ വ്യക്തിപരമായ നിക്ഷേപ തന്ത്രം ക്രിപ്റ്റോയിൽ നിന്ന് വേഗത്തിൽ ലാഭം നേടി അത് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കുക എന്നതാണെന്ന് സാമ്പത്തിക രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ട്രംപ് പിന്തുണച്ച നാല് പ്രധാന ക്രിപ്റ്റോ പദ്ധതികളിൽ നിക്ഷേപിച്ച ചെറുകിട നിക്ഷേപകർക്ക് ഏപ്രിൽ വരെ ഏകദേശം 2.3 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.
അതേസമയം, ട്രംപ് ഇപ്പോഴും വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ പുറത്തിറക്കിയ 15.75 ബില്യൺ ഗവേണൻസ് ടോക്കണുകൾ കൈവശം വച്ചിട്ടുണ്ട്. ഇവയുടെ മൂല്യം 50 ദശലക്ഷം ഡോളറിലധികമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ട്രംപിന്റെ താൽപര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ കൈവശം 2025 അവസാനത്തോടെ കുറഞ്ഞത് 160 ദശലക്ഷം ഡോളറിന്റെ ബിറ്റ്കോയിനും ഈഥറും ഉണ്ടായിരുന്നതായും സാമ്പത്തിക വെളിപ്പെടുത്തലിൽ പറയുന്നു. ട്രംപിന്റെ ആസ്തികൾ സ്വതന്ത്ര ധനകാര്യ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന അക്കൗണ്ടുകളിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപിന്റെ മക്കളായ എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും ക്രിപ്റ്റോ നിക്ഷേപങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിച്ചുവരികയാണ്. ബിറ്റ്കോയിൻ “ആധുനിക കാലത്തെ ഏറ്റവും മികച്ച നിക്ഷേപ ആസ്തി”യാണെന്നും അതിന്റെ മൂല്യം ഭാവിയിൽ 10 ലക്ഷം ഡോളറിലെത്തുമെന്നും എറിക് ട്രംപ് അടുത്തിടെ വിവിധ വേദികളിൽ അഭിപ്രായപ്പെട്ടിരുന്നു.
Trump invested crypto gains in stocks and bonds, filings show












