അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി റഷ്യ, ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം കഠിനമാകും; ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. ഇറാന്റെ ബുഷഹർ ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി വരെ പോലും അമേരിക്ക ക്ഷമ കാട്ടിയില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. മേഖലയിലെ നയതന്ത്ര ശ്രമങ്ങളെ തകർക്കുന്ന നീക്കങ്ങളിൽ നിന്ന് യു.എസ് അടിയന്തരമായി പിന്മാറണമെന്നും റഷ്യ ആവശ്യപ്പെട്ടു.

ഇറാന് നേരെയുള്ള സൈനിക നടപടികളിൽ അമേരിക്ക പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുകയാണ്. പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കും പുറമെ കടലിലും കരയിലും പ്രയോഗിക്കാവുന്ന സൂയിസൈഡ് ഡ്രോണുകൾ അമേരിക്ക ആദ്യമായി ഇറാന് നേരെ പ്രയോഗിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടിയായി ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ആയുധ സംഭരണികൾക്കും നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തി. കുവൈത്തിലെ പ്രമുഖ യു.എസ് മിസൈൽ താവളം തകർത്തതായും ഹോർമുസ് സമുദ്രസന്ധിയിലെ അമേരിക്കൻ നീക്കങ്ങൾ തടഞ്ഞതായും ഇറാൻ അവകാശപ്പെട്ടു.

തങ്ങളുടെ പരമോന്നത നേതാവിന് നേരെ ഏതെങ്കിലും തരത്തിലുള്ള വധശ്രമമോ ആക്രമണമോ ഉണ്ടായാൽ അത് നേരിടാൻ ശക്തമായ തിരിച്ചടിക്ക് തയ്യാറാകണമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ദേശീയ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റിനെതിരായ വധശ്രമ ആരോപണങ്ങളും മേഖലയിലെ ഡ്രോൺ ആക്രമണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള പോർവിളി വീണ്ടും രൂക്ഷമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ നിന്ന് അമേരിക്ക പിന്മാറാതെ ലോകത്തെ എണ്ണ-ഗ്യാസ് വിതരണം സാധാരണ നിലയിലാകില്ലെന്നാണ് ഇറാന്റെ നിലപാട്.

Russia Warns US Against Striking Iranian Nuclear Sites as Conflict Escalates

More Stories from this section

family-dental
witywide