ഒരു വർഷത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യുക്രെയ്നിൽ വൻ സർക്കാർ അഴിച്ചുപണിക്ക് തുടക്കമിട്ട് പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി. പ്രധാനമന്ത്രിയുടെ രാജിയോടെ നിലവിലെ മന്ത്രിസഭ ഒന്നടങ്കം സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിലെ ഈ അഴിച്ചുപണിയെന്ന് സെലെൻസ്‌കി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും, യുക്രെയ്‌നിന്റെ പ്രധാന അന്താരാഷ്ട്ര പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുമതല സ്വിരിഡെങ്കോയ്ക്ക് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
പുതിയ പ്രധാനമന്ത്രി ആരെന്നോ, സ്വിരിഡെങ്കോ വഹിക്കാൻ പോകുന്ന പുതിയ പദവി എന്താണെന്നോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും വാഷിങടണിലെ യുക്രെയ്ൻ അംബാസഡറായി അവർ ചുമതലയേൽക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതേസമയം, പ്രധാനമന്ത്രിക്ക് പുറമെ നിയമപാലന ഏജൻസികളുടെ തലപ്പത്തും വരുംദിവസങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് സൂചന നൽകിയിട്ടുണ്ട്. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അഴിമതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ ഭരണമാറ്റം. സ്റ്റേറ്റ് ന്യൂക്ലിയർ പവർ കമ്പനിയായ എനർഗോ ആറ്റവുമായി ബന്ധപ്പെട്ട് 100 മില്യൺ ഡോളറിന്റെ അഴിമതി നടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ, അഴിമതിക്കെതിരെ ശക്തമായ നിലപാടുണ്ടെന്ന് തെളിയിക്കുക കൂടി യുക്രെയ്നിന്റെ ലക്ഷ്യമാണ്.
പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഊർജ മന്ത്രി ഡെനിസ് ഷിമിഹാൽ, പ്രതിരോധ മന്ത്രി മിഖായ്ലോ ഫെഡോറോവ്, നാഫ്‌റ്റോഗാസ് മേധാവി സെർഹി കൊറെറ്റ്‌സ്കി എന്നിവരുടെ പേരുകളാണ് സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. ഇതിൽ സെർഹി കൊറെറ്റ്‌സ്കി പ്രധാനമന്ത്രിയാകാനാണ് കൂടുതൽ സാധ്യതയെന്ന് പ്രതിപക്ഷ എം.പി യാരോസ്ലാവ് ഷെലെസ്‌നിയാക്ക് അഭിപ്രായപ്പെട്ടു. പാർലമെന്റിന്റെ അംഗീകാരത്തോടെ അടിയന്തരമായി പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി.
Ukrainian Prime Minister Yulia Svyrydenko Resigns as President Zelenskyy Announces Government Overhaul












