
വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും നിരവധി വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത മാരത്തൺ ബൈബിൾ വായന ശ്രദ്ധേയമാകുന്നു. ‘അമേരിക്ക ബൈബിൾ വായിക്കുന്നു’ എന്ന പേരിൽ വാഷിംഗ്ടണിലെ മ്യൂസിയം ഓഫ് ദി ബൈബിൾ സംഘടിപ്പിച്ച ചടങ്ങിലാണ് ട്രംപ് ഭാഗമായത്.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിന്ന് മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോയിലൂടെയാണ് ട്രംപ് ബൈബിളിലെ ‘രണ്ടാം ദിനവൃത്താന്തം’ എന്ന ഭാഗം വായിച്ചത്. രാജ്യത്തിൻ്റെ പാപങ്ങൾ ക്ഷമിച്ച് ദൈവം സൗഖ്യം നൽകുമെന്ന പ്രത്യാശ നൽകുന്ന ബൈബിൾ വചനങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് ഈ ചടങ്ങ്.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായി ട്രംപ് കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഈ വായന നടന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ ലാഭത്തിനായി മതത്തെ ഉപയോഗിക്കുന്നതിനെ മാർപ്പാപ്പ വിമർശിച്ചപ്പോൾ, തനിക്ക് മാർപ്പാപ്പയോട് വിയോജിക്കാൻ അവകാശമുണ്ടെന്നായിരുന്നു ട്രംപിൻ്റെ മറുപടി.
കൂടാതെ, തന്നെ യേശുവിനെപ്പോലെ ചിത്രീകരിക്കുന്ന എഐ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്ന് സ്വന്തം അനുയായികളിൽ നിന്ന് തന്നെ ട്രംപിന് വിമർശനം നേരിടേണ്ടി വന്നിരുന്നു.
അമേരിക്കൻ ഭരണഘടന ഭരണകൂടവും മതവും തമ്മിൽ വേർതിരിവ് കൽപ്പിക്കുന്നുണ്ടെങ്കിലും, ട്രംപ് ഭരണകൂടം പരസ്യമായി ക്രിസ്ത്യൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ചടങ്ങുകളിൽ പ്രാർത്ഥനകൾക്കും ബൈബിൾ വായനയ്ക്കും നേതൃത്വം നൽകുന്നത് ഇതിൻ്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള പ്രമുഖരും ഈ മാരത്തൺ വായനയിൽ പങ്കുചേരുന്നുണ്ട്. രാജ്യത്തെ ആത്മീയ അടിത്തറയിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
Trump joins marathon Bible reading















