
ടെഹ്റാൻ: ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന സൈനിക നടപടികളും വ്യോമാക്രമണങ്ങളും അവസാന നിമിഷം റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതൃത്വവുമായും പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്നും കരാറിന്റെ അന്തിമ വ്യവസ്ഥകൾക്ക് ഇരുവിഭാഗവും അംഗീകാരം നൽകിയ സാഹചര്യത്തിലാണ് അമേരിക്കൻ സൈനിക നടപടി പിൻവലിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ തനിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും റദ്ദാക്കിയതെന്ന് ട്രംപ് പറഞ്ഞു. ചർച്ചകളിൽ രൂപപ്പെട്ട അന്തിമ ധാരണകളും നയപരമായ തീരുമാനങ്ങളും പങ്കെടുത്ത രാജ്യങ്ങൾ തത്വത്തിലും വിശദാംശങ്ങളിലുമെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചർച്ചകളുടെ ഭാഗമായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അതേസമയം, നയതന്ത്ര നടപടിക്രമങ്ങൾ പൂർണമായി പൂർത്തിയാകുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർദിഷ്ട സമാധാന കരാറിൽ ഒപ്പുവെക്കുന്ന തീയതിയും വേദിയും ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.












