‘ലോകം തകരാൻ അനുവദിക്കില്ല’; ഇറാൻ യുദ്ധത്തെ ന്യായീകരിച്ച് ട്രംപ്, ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന താൽക്കാലികം മാത്രം

വാഷിംഗ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ സൈനിക യുദ്ധം രാജ്യത്ത് അത്ര ജനപ്രീതിയുള്ളതല്ലെന്ന് പലരും തന്നോട് പറയുന്നുണ്ടെങ്കിലും താൻ അതിനോട് യോജിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ നഗരങ്ങളെ നിമിഷനേരം കൊണ്ട് തകർക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ ഇറാൻ നിർമ്മിക്കുന്നത് തടയാനാണ് ഈ യുദ്ധമെന്ന് ജനങ്ങൾ തിരിച്ചറിയുമ്പോൾ ഇത് വളരെ ജനപ്രിയമായ ഒരു ദൗത്യമായി മാറുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. “ഈ യുദ്ധം ജനപ്രിയമാണോ അല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല, എനിക്ക് ഇത് ചെയ്തേ മതിയാകൂ. കാരണം എന്റെ ഭരണകാലത്ത് ഈ ലോകം തകർക്കപ്പെടാൻ ഞാൻ അനുവദിക്കില്ല. അങ്ങനെ ഒന്ന് സംഭവിക്കാൻ പോകുന്നില്ല,” ട്രംപ് കടുത്ത ഭാഷയിൽ വ്യക്തമാക്കി.

ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ ട്രംപിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായതായി പ്രമുഖ മാധ്യമമായ സിഎൻഎന്നിന്റെ ഏറ്റവും പുതിയ ശരാശരി സർവേ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ 36 ശതമാനം അമേരിക്കക്കാർ മാത്രമാണ് ട്രംപിന്റെ യുദ്ധനയങ്ങളെയും ഭരണത്തെയും അനുകൂലിക്കുന്നത്. ഇന്ധനവില വർദ്ധനവും സാമ്പത്തിക സമ്മർദ്ദവുമാണ് അമേരിക്കൻ ജനതയ്ക്കിടയിൽ യുദ്ധത്തിനെതിരെ അതൃപ്തി വർദ്ധിക്കാൻ കാരണം.

ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ മൂന്ന് പ്രമുഖ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ചൊവ്വാഴ്ച ഇറാനെതിരെ നടത്താനിരുന്ന കടുത്ത സൈനിക ആക്രമണ പ്ലാൻ താൻ താൽക്കാലികമായി മാറ്റിവെച്ചതെന്ന് കഴിഞ്ഞ ദിവസം ട്രംപ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇറാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനാലാണ് ആക്രമണം വൈകിപ്പിക്കാൻ സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്. എന്നാൽ ആക്രമണം മാറ്റിവെച്ച ഈ തീരുമാനം ‘വളരെ പരിമിതമായ സമയത്തേക്ക്’ മാത്രമായിരിക്കുമെന്നും, കൃത്യമായ ഒരു ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ ഏതുനിമിഷവും ഇറാന് നേരെ വൻതോതിലുള്ള സൈനിക ആക്രമണം അഴിച്ചുവിടാൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്ച ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായാൽ മാത്രമേ മേഖലയിൽ സമാധാനം നിലനിൽക്കൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വാഷിംഗ്ടൺ.

More Stories from this section

family-dental
witywide