
ന്യൂയോർക്ക്: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീഴുമെന്ന് യുഎൻ വേദിയിൽ പ്രസംഗിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “കമ്മ്യൂണിസം ഒരിക്കലും അമേരിക്കയിലേക്ക് വരില്ല, എന്നാൽ സ്വാതന്ത്ര്യം ക്യൂബയിലേക്ക് വരും” എന്ന് ട്രംപ് പറഞ്ഞു. ക്യൂബയിൽ ഭരണപരിവർത്തനം ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.
ലോകനേതാക്കൾക്ക് മുന്നിൽ ട്രംപ് ക്യൂബൻ ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ക്യൂബൻ പ്രതിനിധി സംഘം സമ്മേളന ഹാളിൽനിന്ന് ഇറങ്ങിപ്പോയി. “ക്യൂബയിലെ അടിസ്ഥാനപരമായ മാറ്റമാണ് എന്റെ ഭരണകൂടവും ലക്ഷ്യമിടുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം വലിയ സമ്മർദത്തിലാണ്. അവർ ഇതുവരെ നേരിട്ടതിൽവെച്ച് ഏറ്റവും വലിയ സമ്മർദമാണിത്. ക്യൂബ പൂർണമായും പരാജയപ്പെട്ട രാജ്യമാണ്. മുൻപെങ്ങുമില്ലാത്തവിധം അത് തകരും,” ട്രംപ് പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബയുമായി ആഴത്തിലുള്ള ചർച്ചകൾ നടത്തുകയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസംഗത്തിനിടെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാറില്ലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സദസ്സിൽനിന്ന് ഇറങ്ങിപ്പോയി. ഇതിന് തൊട്ടുമുൻപ് ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് പരാമർശിച്ചതിന് പിന്നാലെ ഇറാൻ പ്രതിനിധി സംഘവും സമ്മേളന ഹാളിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.















