ഫ്ലോറിഡയിൽ ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയാൻ നടത്തിയ പരിശോധന; ഡിസ്നി, യൂണിവേഴ്സൽ ജീവനക്കാരടക്കം 281 പേർ അറസ്റ്റിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയാൻ നടത്തിയ ഏഴുദിവസത്തെ പരിശോധനയിൽ 281 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഡിസ്നി വേൾഡിലെ 13 ജീവനക്കാരും യൂണിവേഴ്സൽ സ്റ്റുഡിയോസിലെ നാലു ജീവനക്കാരും ഉൾപ്പെടുന്നതായി പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡ് അറിയിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട് എത്തുന്നവരെ പിടികൂടുകയായിരുന്നു പരിശോധനയുടെ ലക്ഷ്യമെന്ന് ഷെരീഫ് പറഞ്ഞു.

അറസ്റ്റിലായവരിൽ 31 പേർ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ലക്ഷ്യമിട്ട് കൗണ്ടിയിലെത്തിയവരാണ്. പിടിയിലായവരിൽ 32 പേർ രേഖകളില്ലാതെ യുഎസിൽ കഴിയുന്ന കുടിയേറ്റക്കാരാണ്. ഇവരിൽ 16 പേരെ ഇമിഗ്രേഷൻ അധികൃതർക്ക് കൈമാറി. 24 പേർ തോക്കുകളുമായാണ് എത്തിയത്. ഒമ്പത് പേർ നേരത്തേ ജാമ്യവ്യവസ്ഥയിലായിരുന്നവരുമാണ്. അറസ്റ്റിലായവരിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന ഫ്ലോറിഡയിലെ ഒരു കായിക ടീമിന്റെ മുഖ്യ പരിശീലകനും യുഎസ് നാവികസേനയിലെ സൈനികനും ഉൾപ്പെടുന്നു. 14 വയസ്സുള്ള പെൺകുട്ടിയെ കാണാനെന്ന പേരിലാണ് പരിശീലകൻ എത്തിയതെന്ന് ഷെരീഫ് പറഞ്ഞു.

മുൻ ഡിസ്നി ജീവനക്കാരനായ ഒരാൾ മിക്കി മൗസ് കഥാപാത്രമായി ജോലി ചെയ്തിരുന്നയാളാണ്. ഇയാളിൽനിന്ന് ഡയപ്പറുകൾ നിറച്ച രണ്ട് ബാഗുകൾ കണ്ടെത്തിയതായും ഷെരീഫ് വെളിപ്പെടുത്തി. 13 വയസ്സുള്ള ആൺകുട്ടിയെന്ന വ്യാജേന എത്തിയ രഹസ്യ അന്വേഷണ ഉദ്യോഗസ്ഥനെ കാണാനെത്തിയ മറ്റൊരു ഡിസ്നി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. അന്വേഷണവുമായി ഡിസ്നി സഹകരിച്ചെന്നും അറസ്റ്റിലായ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടെന്നും ഷെരീഫ് അറിയിച്ചു. സംഭവത്തിൽ പ്രതികരണം തേടി ഡിസ്നിയെയും യൂണിവേഴ്സൽ സ്റ്റുഡിയോസിനെയും മാധ്യമങ്ങൾ സമീപിച്ചിട്ടുണ്ട്.

17 Disney and Universal employees among 281 arrested in Florida sex trafficking sting, sheriff says

More Stories from this section

family-dental
witywide