ഇനി പറക്കാം, വെനസ്വേലൻ ആകാശമേഖല തുറക്കുന്നു; വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ ട്രംപിന്റെ നിർദ്ദേശം

വാഷിംഗ്ടൺ: വെനസ്വേലയിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾക്കായി ആകാശമേഖല ഉടൻ തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനസ്വേല ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സംസാരിച്ച ശേഷമാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കൻ പൗരന്മാർക്ക് ഉടൻ തന്നെ വെനസ്വേലയിലേക്ക് പോകാമെന്നും അവിടെ അവർ സുരക്ഷിതരായിരിക്കുമെന്നും ട്രംപ് കാബിനറ്റ് യോഗത്തിൽ പറഞ്ഞു. രാജ്യം ഇപ്പോൾ ശക്തമായ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും സൈന്യത്തിനും വെനസ്വേലൻ വ്യോമപാത തുറക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ട്രംപ് നിർദ്ദേശം നൽകി.

2019 മുതൽ വെനസ്വേലയിലേക്കുള്ള യുഎസ് വാണിജ്യ വിമാനങ്ങൾക്ക് നിരോധനം ഉണ്ടായിരുന്നു. ഈ വർഷം ജനുവരി ആദ്യവാരം വരെയും ആകാശമേഖല അടച്ചിട്ടിരിക്കുന്നതായാണ് വാഷിംഗ്ടൺ കണക്കാക്കിയിരുന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്നെങ്കിലും ചില സുപ്രധാന തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിലവിൽ വെനസ്വേലയെ ‘ലെവൽ 4’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൗരന്മാർ അങ്ങോട്ട് പോകരുതെന്നാണ് നിലവിലെ ഔദ്യോഗിക നിർദ്ദേശം.

വെനസ്വേലൻ നേതൃത്വം “നല്ല ജോലി” ചെയ്യുന്നുണ്ടെന്ന് ട്രംപ് പുകഴ്ത്തിയെങ്കിലും, വാഷിംഗ്ടണിന്റെ ഉത്തരവുകൾ കേട്ട് മടുത്തുവെന്ന് ഡെൽസി റോഡ്രിഗസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും ലാറ്റിൻ അമേരിക്കയിലെ സാമ്പത്തിക ഇടപാടുകൾ സജീവമാക്കുന്നതിനും വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.

Also Read

More Stories from this section

family-dental
witywide