‘ഇറാൻ തകരുന്നു, വിജയം അമേരിക്കയ്ക്കൊപ്പം’; വിട്ടുവീഴ്ചക്കില്ലെന്ന് ട്രംപ്, ഇറാനെ ശ്വാസം മുട്ടിച്ച് യുഎസ് ഉപരോധം

വാഷിംഗ്ടൺ: ഇറാനുമായി കൃത്യമായ ധാരണയിലെത്തുന്നത് വരെ അവിടുത്തെ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ ഉപരോധം ഇറാനെ ‘പൂർണ്ണമായും തകർക്കുകയാണെന്നും’ ഈ സംഘർഷത്തിൽ അമേരിക്ക ബഹുദൂരം മുന്നിലാണെന്നും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ട്രംപിൻ്റെ ഈ കർശന നിലപാട്. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത് എന്നതും ശ്രദ്ധേയം.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഉപരോധത്തിനിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് എത്തിയ 27 കപ്പലുകളെ യുഎസ് സൈന്യം തിരിച്ചയച്ചതായി സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ്റെ ചരക്ക് കപ്പൽ യുഎസ് സൈന്യം ബലമായി പിടിച്ചെടുത്തിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. എന്നാൽ അമേരിക്കയുടേത് ‘കടൽക്കൊള്ള’യാണെന്നാണ് ഇറാൻ്റെ ആരോപണം.

ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനും ഉപരോധം തുടരുകയാണ്. ഇതേത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. അമേരിക്ക തങ്ങളുടെ തുറമുഖങ്ങൾ ഉപരോധിക്കുന്നത് നിർത്താതെ ഹോർമുസ് പാത തുറക്കില്ലെന്ന വാശിയിലാണ് ഇറാൻ. ശനിയാഴ്ച ഈ പാത താൽക്കാലികമായി തുറന്നെങ്കിലും കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതോടെ വീണ്ടും അടച്ചു.

ഇതിനിടെ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ചർച്ചകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകും. സന്ദർശകരെ ഹോട്ടലുകളിൽ നിന്ന് മാറ്റുകയും നഗരത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇറാൻ പ്രതിനിധികൾ ചർച്ചയ്ക്ക് എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ആദ്യഘട്ട ചർച്ചകളിൽ ഇറാൻ്റെ ആവശ്യങ്ങൾ അമിതമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ട്രംപിൻ്റെ മരുമകൻ ജാരെഡ് കുഷ്നർ ഉൾപ്പെടെയുള്ള പ്രമുഖർ യുഎസ് സംഘത്തിലുണ്ടാകും. ഇറാൻ വന്നാലും ഇല്ലെങ്കിലും അമേരിക്കൻ സംഘം ചർച്ചയ്ക്കായി പാകിസ്ഥാനിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Trump says he will not compromise, US sanctions suffocate Iran

More Stories from this section

family-dental
witywide