
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്നും യുഎസ് നാവികസേന മൈനുകൾ നീക്കം ചെയ്ത് ജലപാതയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ ഈ വാദങ്ങളെ തള്ളിക്കളയുന്ന കണക്കുകളാണ് അന്താരാഷ്ട്ര കപ്പൽ ഗതാഗത നിരീക്ഷണ ഏജൻസികൾ പുറത്തുവിടുന്നത്. മാരിടൈം ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ‘മറൈൻ ട്രാഫിക്കിന്റെ’ വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച ഉച്ചസമയത്ത് കേവലം ഏഴ് വലിയ കപ്പലുകൾ മാത്രമാണ് (രണ്ട് എണ്ണ ടാങ്കറുകൾ, ഒരു ഗ്യാസ് ടാങ്കർ, മൂന്ന് ബൾക്ക് കാരിയറുകൾ, ഒരു ചരക്കുകപ്പൽ) കടലിടുക്കിലൂടെ പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിച്ചത്.
മുൻകാല കണക്കുകൾ പരിശോധിച്ചാൽ കടലിടുക്ക് മുറിച്ചുകടക്കാൻ മണിക്കൂറുകൾ എടുക്കുന്നതിനാൽ ഈ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകാൻ സാധ്യതയില്ല. തിങ്കളാഴ്ച നിർണായകമായ ഈ സമുദ്രപാതയിലൂടെ എട്ട് കപ്പലുകൾ മാത്രമാണ് യാത്ര ചെയ്തതെന്ന് മാരിടൈം ഇന്റലിജൻസ് ഏജൻസിയായ കെപ്ലർ വ്യക്തമാക്കുന്നു. ഇതിൽ അഞ്ചെണ്ണം ഇറാന്റെ നിയന്ത്രണത്തിലുള്ള പാതയാണ് ഉപയോഗിച്ചത്. ഈ കണക്കുകൾ ട്രംപിന്റെ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു.
“ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമുള്ള ഒരേയൊരു ശക്തി അമേരിക്കൻ നാവികസേന മാത്രമാണ്,” എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. ആഗോളതലത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന പാതയിലൂടെ സംഘർഷത്തിന് മുമ്പ് പ്രതിദിനം ശരാശരി 120 കപ്പലുകൾ വരെ സഞ്ചരിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഗതാഗതം ഇത്രയധികം മന്ദഗതിയിലായിരിക്കുന്നത്.












