
വാഷിംഗ്ടൺ: ഇറാനിൽ സൈനികർക്ക് വലിയ അളവിൽ വേതനം ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാർക്ക് നേരെ മുൻപെങ്ങുമില്ലാത്ത വിധം കടുത്ത അതിക്രമങ്ങൾ നടക്കുകയാണെന്നും ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിൽ യുദ്ധം തുടരുന്നതിനിടെ ഇറാന് മേലുള്ള നയതന്ത്ര-സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പ്രസ്താവന. ഇറാനിലേത് വലിയൊരു മാനുഷിക പ്രതിസന്ധിയാണെന്നും അത് ഉടനടി അവസാനിപ്പിക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ട്രംപ് കുറിച്ചു.
പ്രതിഷേധങ്ങളിൽ പങ്കെടുക്കാത്തവർ പോലും ആക്രമിക്കപ്പെടുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമായി അടിച്ചമർത്തപ്പെടുന്നു എന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇറാനുമായുള്ള സൈനിക സംഘർഷം ആറ് മാസത്തോളമായി തുടരുന്ന സാഹചര്യത്തിൽ, ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക കടുപ്പിച്ചിട്ടുണ്ട്. ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കാത്ത രാജ്യങ്ങൾക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.













