
വാഷിംഗ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, അതിർത്തിയിലെ തന്ത്രപ്രധാന ജലാശയമായ ലേക്ക് ഒന്റാറിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒന്റാറിയോയുമായി ഇനി വലിയ രീതിയിലുള്ള വ്യാപാര ബന്ധങ്ങൾക്ക് തങ്ങൾ മുതിരുന്നില്ലെന്നും, അതിനാൽ പേര് മാറ്റുന്നതിനെക്കുറിച്ച് രാജ്യം ഗൗരവമായി ചിന്തിക്കുകയാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. തന്റെ വാദങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി, ലേക്ക് ഒന്റാറിയോ എന്ന പേര് വെട്ടി പകരം സ്വർണ്ണക്ഷരങ്ങളിൽ ‘ലേക്ക് അമേരിക്ക’ എന്ന് രേഖപ്പെടുത്തിയ ഭൂപടത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
കാനഡയിലെ ഭരണനേതൃത്വത്തോടുള്ള എതിർപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ പുതിയ നീക്കം. എന്നാൽ, ട്രംപിന്റെ സോഷ്യൽ മീഡിയ പ്രസ്താവനകളോട് പ്രതികരിക്കാൻ കാനഡയുടെ യുഎസ് വ്യാപാര കാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് തയാറായില്ല. ദിവസേനയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് കാനഡ സർക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിലും പ്രധാന വ്യാപാര പങ്കാളിയായ അമേരിക്കയുമായി മികച്ച ബന്ധം നിലനിർത്തുന്നതിലുമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിനും കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കും ഇടയിലാണ് വിസ്തീർണ്ണത്തിൽ അഞ്ച് ഗ്രേറ്റ് ലേക്കുകളിൽ ഏറ്റവും ചെറുതായ ലേക്ക് ഒന്റാറിയോ സ്ഥിതി ചെയ്യുന്നത്. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, അമേരിക്കയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് കാനഡയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റാൻ ഉത്തരവിറക്കിയതിന് സമാനമായ നീക്കമാണ് ട്രംപ് ഇപ്പോൾ ലേക്ക് ഒന്റാറിയോയ്ക്ക് നേരെയും നടത്തുന്നത്. കാനഡയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച ട്രംപ്, അവർ ന്യായമില്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും ആരോപിച്ചു.













