
വാഷിംഗ്ടൺ: ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് പ്രധാന വ്യാപാര പങ്കാളികളോട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, യുഎഇ കഴിഞ്ഞ ആഴ്ച സ്വീകരിച്ച നടപടികൾ കേവലം ഒരു യാദൃച്ഛികതയല്ലെന്നും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ച യുഎഇ സ്വീകരിച്ച തീരുമാനങ്ങൾ യാദൃച്ഛികമല്ലെന്നും, തങ്ങളുടെ ഇടപടലുകളുടെ ഫലമായി സംഭവിച്ചതാണെന്നും ബെസ്സന്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അമേരിക്കയുടെ നീക്കങ്ങളോട് സഹകരിച്ച് മറ്റ് നിരവധി രാജ്യങ്ങളും വരും ദിവസങ്ങളിൽ സമാനമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കങ്ങളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ ലോകനേതാക്കളുമായി നേരിട്ട് ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ബെസ്സന്റ് വെളിപ്പെടുത്തി. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിലെ നേതാക്കളുമായാണ് ട്രംപ് ചർച്ചകൾ നടത്തിയതെന്ന വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
ഇറാന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളിലൊന്നായ യുഎഇ, തുടർന്നൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിർത്തിവെക്കുന്നതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈന ഉൾപ്പെടെ ഇന്ത്യ, തുർക്കി, ഇറാഖ് എന്നീ രാജ്യങ്ങളും അമേരിക്കൻ ഉപരോധ ഭീഷണിയിലാണ്. മേഖലയിലെ യുഎസ്-ഇറാൻ സംഘർഷം കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ നിറഞ്ഞ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ചൊവ്വാഴ്ച പറഞ്ഞു. ഗൾഫ് അറബ് രാജ്യങ്ങളെ ലക്ഷ്യം വെക്കാതിരിക്കുക മാത്രമാണ് ഈ യുദ്ധത്തിൽ നിന്നുള്ള ഏക പോംവഴി എന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കൻ സൈനിക താവളങ്ങൾക്ക് അഭയം നൽകുന്നുവെന്ന് ആരോപിച്ചാണ് യുദ്ധത്തിലുടനീളം ഇറാൻ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിവരുന്നത്.













