ലോകത്തിന് ആശ്വാസം, ഇറാൻ-ഒമാൻ ചർച്ച വിജയം; ഹോർമുസ് കടലിടുക്കിൽ താൽക്കാലിക ഇടനാഴി ഉടനെന്ന് സംയുക്ത പ്രസ്താവന, മൈനുകൾ നീക്കിയെന്ന് ട്രംപ്

ഇറാൻ- ഒമാൻ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ നിർണായക ചർച്ച പൂർത്തിയായി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടായിരുന്നു ചർച്ച. ചർച്ചകൾക്ക് ഒടുവിൽ ഹോർമുസ് കടലിടുക്കിൽ താൽക്കാലിക ഇടനാഴി ഉടൻ നിലവിൽ വരുമെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഒമാൻ അറിയിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഉടൻ ചർച്ച നടത്തുമെന്നും ശാശ്വത പരിഹാരം ഉണ്ടാകുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.

ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദിയും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും തെഹ്‌റാനിൽ വെച്ചാണ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ താൽക്കാലിക ഇടനാഴി സൃഷ്ടിക്കുന്നതും കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതും ചർച്ചയായി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ കേന്ദ്രമായി മാറിയ കടലിടുക്കിലൂടെ കപ്പൽ ഗതാഗതം ക്രമീകരിക്കാൻ പ്രായോഗികവും ഘട്ടംഘട്ടവുമായ രൂപരേഖ തയ്യാറാക്കിയതായി ഇരുരാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ മൈനുകൾ യു.എസ് നാവികസേന നീക്കം ചെയ്തതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. പുതിയ മൈനുകൾ സ്ഥാപിച്ചാൽ സീറോ ടോളറൻസ് നയത്തോടെ കപ്പലുകൾ നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര തലത്തിൽ എണ്ണയുടെയും എൽ.എൻ.ജിയുടെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങൾ തുടരുന്നത് ആഗോള എണ്ണ വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

യു.എസ് ആൻഡ് ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ കടലിടുക്ക് ഉപരോധിക്കുകയും, തിരിച്ചടിയായി യു.എസ് ഇറാന്റെ തുറമുഖങ്ങൾക്ക് നാവിക ഉപരോധം ഏർപ്പെടുത്തുകയുമായിരുന്നു. തങ്ങൾക്കെതിരായ നാവിക-എണ്ണ ഉപരോധങ്ങൾ പിൻവലിക്കാനും വിദേശ ആസ്തികളുടെ മരവിപ്പ് മാറ്റാനും തയ്യാറാകാതെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

Iran-Oman Talks: Joint Statement Announces Temporary Corridor Soon in Strait of Hormuz

More Stories from this section

family-dental
witywide