ഒന്നും അമേരിക്ക വിചാരിക്കും പോലെ അല്ല! ഇറാനുമേൽ കൂടുതൽ സാമ്പത്തിക ഉപരോധത്തിനൊരുങ്ങി യുഎസ്; സമ്മർദ്ദ തന്ത്രം വിജയിക്കില്ലെന്ന് വിദഗ്ധർ

വാഷിം​ഗ്ടൺ: ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുമ്പോൾ, വാഷിംഗ്ടൺ പ്രതീക്ഷിക്കുന്ന തരത്തിലുള്ള നയതന്ത്ര മാറ്റത്തിന് ഇത് വഴിതുറക്കില്ലെന്ന് അന്താരാഷ്ട്ര വിഷയങ്ങളിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇറാനുമായുള്ള സൈനിക സംഘർഷം തുടരുന്നതിനിടെ ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന് നാമകരണം ചെയ്ത അതിശക്തമായ സാമ്പത്തിക ഉപരോധ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഏകദേശം 47 വർഷത്തോളമായി വിവിധ തരത്തിലുള്ള അന്താരാഷ്ട്ര ഉപരോധങ്ങളെ നേരിട്ട് ശീലിച്ച ഇറാൻ, ട്രംപിന്റെ പുതിയ നടപടികൾക്ക് മുന്നിൽ കീഴടങ്ങുന്നതിന് പകരം തിരിച്ചടികൾക്ക് മുതിരാനാണ് സാധ്യതയെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രഹരങ്ങൾ നൽകാൻ കഴിയുമെങ്കിലും അത് ഇറാന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ പ്രാപ്തമല്ലെന്നും, മുൻകാലങ്ങളിലും ഇത്തരം ശ്രമങ്ങൾ അമേരിക്കയ്ക്ക് വിജയം കണ്ടിട്ടില്ലെന്നും ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ് ക്രാഫ്റ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ത്രിത പാർസി അഭിപ്രായപ്പെട്ടു. സമ്മർദ്ദം കൂട്ടിയാൽ ഇറാൻ കീഴടങ്ങുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും ഇത് സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

അമേരിക്കൻ നീക്കത്തെ വിമർശിച്ചുകൊണ്ട് ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസിലെ മുൻ ഇറാൻ വിഭാഗം മേധാവി ഡാനി സിട്രിനോവിച്ചും രംഗത്തെത്തി. ഇറാന്റെ യഥാർത്ഥ ശേഷിയെയും പ്രതികരണ ശേഷിയെയും കൃത്യമായി മനസ്സിലാക്കാതെയാണ് വാഷിംഗ്ടൺ യുദ്ധത്തിലേക്കും ഉപരോധങ്ങളിലേക്കും നീങ്ങിയതെന്ന് അദ്ദേഹം വിലയിരുത്തി. സാമ്പത്തിക പ്രഹരങ്ങളിലൂടെ ഇറാന്റെ നയങ്ങൾ തിരുത്താമെന്ന് കരുതുന്നത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide