ഗുരുതര സാഹചര്യം, 35 വർഷത്തിന് ശേഷം അഞ്ചാംപനി ബാധിച്ച് യുഎസിൽ മരണം; പെൻസിൽവേനിയയിൽ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവേനിയ സംസ്ഥാനത്ത് അഞ്ചാംപനി (Measles) ബാധിച്ച് രണ്ടുപേർ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മരിച്ച രണ്ടുപേരും വാക്സിൻ സ്വീകരിക്കാത്തവരായിരുന്നു. 2026-ൽ യു.എസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അഞ്ചാംപനി മരണങ്ങളാണിത്. പെൻസിൽവേനിയയിൽ 35 വർഷത്തിന് ശേഷമാണ് രോഗം മൂലം മരണം സംഭവിക്കുന്നത്. വേദന അനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പെൻസിൽവേനിയ ആരോഗ്യ സെക്രട്ടറി ഡോ. ഡെബ്ല ബോഗൻ പ്രതികരിച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ, എം.എം.ആർ (MMR) വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നും അഞ്ചാംപനിക്കെതിരെ ലഭ്യമായ ഏറ്റവും മികച്ച പ്രതിരോധ മാർഗ്ഗമാണിതെന്നും എല്ലാവരും മനസ്സിലാക്കേണ്ടതുണ്ടെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

മരണപ്പെട്ട രണ്ടുപേരും ലങ്കാസ്റ്റർ കൗണ്ടിയിലെ താമസക്കാരാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആരോഗ്യ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. 2026-ൽ ഇതുവരെ പെൻസിൽവേനിയയിലെ 28 കൗണ്ടികളിലായി 393 അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിവേഗം പടർന്നുപിടിക്കുന്ന ഈ വൈറസ് രോഗം യു.എസിൽ വീണ്ടും വ്യാപകമായി കൊണ്ടിരിക്കുകയാണ്. തുടർച്ചയായി രണ്ടാം വർഷവും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതുവരെ 2,700-ലധികം കേസുകൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1991-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

2000-ൽ അമേരിക്കയെ അഞ്ചാംപനി മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും, കഴിഞ്ഞ ഒന്നര വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ അതിന് മുൻപുള്ള 25 വർഷത്തെ ആകെ കേസുകളേക്കാൾ കൂടുതലാണ്. ഇതോടെ അഞ്ചാംപനി സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്ത രാജ്യം എന്ന പദവി ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.

Also Read

More Stories from this section

family-dental
witywide