
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഇന്ധനവില വർധനവ് കുറച്ചു കാലം കൂടി തുടരുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി സമാധാന കരാറിൽ ഏർപ്പെടാൻ തനിക്ക് തിടുക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം ഓഹരി വിപണിയെയും എണ്ണവിലയെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ചത്ര ആഘാതം ഉണ്ടായിട്ടില്ലെന്നാണ് ട്രംപ് അവകാശപ്പെട്ടത്. “ഓഹരി വിപണി 20 മുതൽ 25 ശതമാനം വരെ ഇടിയുമെന്നും എണ്ണവില ബാരലിന് 200 ഡോളർ കടക്കുമെന്നുമാണ് ഞാൻ കരുതിയത്. എന്നാൽ നിലവിൽ ഓഹരി വിപണി മികച്ച നിലയിലാണ്,” അദ്ദേഹം പറഞ്ഞു. ആഭ്യന്തരമായി എണ്ണ ഉൽപ്പാദനം ഉള്ളതിനാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ ഇന്ധനവില കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയിൽ ഇന്ധനവിലയിൽ 30 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഗാലണിന് 4 ഡോളറിന് മുകളിലാണ് വില. ഇന്ധനവില വർധനവിനെത്തുടർന്ന് രാജ്യത്തെ 80 ശതമാനം ജനങ്ങളും തങ്ങളുടെ നിത്യച്ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ചില സർവേകൾ വ്യക്തമാക്കുന്നു. ഈ വിലക്കയറ്റം ചുരുങ്ങിയത് ആറ് മാസമെങ്കിലും തുടരുമെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തൽ.
ഇറാനെ ആണവായുധം നിർമ്മിക്കുന്നതിൽ നിന്ന് തടയുന്ന ശക്തമായ ഒരു കരാറാണ് തൻ്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ആദ്യ നാല് ആഴ്ചകളിൽ ഇറാൻ്റെ നാവികസേന ഉൾപ്പെടെയുള്ള സൈനിക ശക്തിയുടെ 75 ശതമാനവും അമേരിക്ക തകർത്തു കഴിഞ്ഞുവെന്നാണ് ട്രംപിൻ്റെ അവകാശവാദം. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും യുഎസ് സൈന്യത്തിനാണ്. ഇറാൻ ഒരു സമാധാന കരാറിന് തയ്യാറല്ലെങ്കിൽ ബാക്കിയുള്ള സൈനിക ലക്ഷ്യങ്ങൾ കൂടി തകർത്ത് യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Trump says no compromise with Iran, fuel price hikes will continue for some time















