ഒരു ദിവസത്തിന് ശേഷം പറഞ്ഞത് തിരുത്തി ട്രംപ്, ഇറാനുമായി ചർച്ചകളില്ലെന്ന് നിലപാട് മാറ്റം; വിരുദ്ധ പ്രസ്താവനകളുമായി യുഎസ് നേതൃത്വം

വാഷിംഗ്ടൺ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും അത്തരം കൂടിക്കാഴ്ചകൾ ഒന്നും നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന മുൻ നിലപാടുകൾ തള്ളി ട്രംപ് രംഗത്തെത്തിയത്. ഇറാനെതിരെയുള്ള നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുകയാണെന്നും, ഹോർമുസ് കടലിടുക്കിൽ പാകിയ നീർമൈനുകൾ മാറ്റുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

തൊട്ടുതലേദിവസം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പസുമായി യുഎസ് ബാക്ക്ചാനൽ ചർച്ചകൾ ആരംഭിച്ചതായി ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത്തരമൊരു നീക്കവും നടക്കുന്നില്ലെന്ന് ഐആർജിസി ഔദ്യോഗികമായി നിഷേധിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

അതേസമയം, ട്രംപിന്റെ പുതിയ പ്രസ്താവന സ്വന്തം ഭരണകൂടത്തിലെ ഉന്നതരുടെ നിലപാടുകളുമായി വൈരുദ്ധ്യം പുലർത്തുന്നതാണ്. അമേരിക്കൻ സർക്കാരും ഇറാനിലെ വിവിധ ഭരണവിഭാഗങ്ങളും തമ്മിൽ മുൻപെങ്ങുമില്ലാത്തവിധം സജീവവും സമാധാനപരവുമായ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് യുഎസ് പ്രത്യേക ദൂതൻ ജറെഡ് കുഷ്‌നർ വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് ഗതാഗതയോഗ്യമാണെന്നും തടസ്സങ്ങൾ നീക്കിയെന്നും ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, കപ്പൽ ഗതാഗതം ഇനിയും സാധാരണ നിലയിലായിട്ടില്ലെന്നും തടസ്സങ്ങൾ തുടരുന്നുണ്ടെന്നുമാണ് ഇറാൻ നൽകുന്ന വിശദീകരണം.

More Stories from this section

family-dental
witywide