
വാഷിംഗ്ടൺ: ഇറാന്റെ ആണവായുധ ഭീഷണിയെക്കുറിച്ച് പോപ്പ് ലിയോ പതിനാലാമന് ശരിയായ ധാരണയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. യുദ്ധത്തെക്കുറിച്ച് സംസാരിക്കാൻ മാർപ്പാപ്പയ്ക്ക് അർഹതയില്ലെന്നും അവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. മാർപ്പാപ്പയെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെക്കുറിച്ച് മെലോണിക്ക് ആശങ്കയില്ലെന്നും, അവസരം ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഇറ്റലിയെ തകർക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുമ്പ് ജോർജിയ മെലോണിയെ പ്രശംസിച്ചിരുന്ന ട്രംപ്, അവരുടെ ഇപ്പോഴത്തെ നിലപാടിൽ താൻ ഞെട്ടിപ്പോയെന്നും അവർ ധീരയാണെന്ന തന്റെ ധാരണ തെറ്റായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ കടൽ ഉപരോധം നീക്കുന്നതിനും യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കുന്നതിനും ഇറ്റലി വിമുഖത കാണിക്കുന്നതിലുള്ള അതൃപ്തിയും അദ്ദേഹം പരസ്യമാക്കി.
എന്നാൽ, ട്രംപ് ഭരണകൂടവുമായുള്ള തന്റെ വിയോജിപ്പുകളെ മെലോണി ന്യായീകരിച്ചു. സഖ്യകക്ഷികളാകുമ്പോൾ വിയോജിപ്പുകൾ തുറന്നുപറയാനുള്ള ആർജ്ജവം കാണിക്കണമെന്നും, യൂറോപ്പിന്റെയും അമേരിക്കയുടെയും പൊതുവായ നന്മയ്ക്ക് ഇത്തരം തുറന്നുപറച്ചിലുകൾ അത്യാവശ്യമാണെന്നും അവർ പ്രതികരിച്ചു. പാശ്ചാത്യ രാജ്യങ്ങൾക്കിടയിലെ ഈ നയതന്ത്ര തർക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.














