
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റസ് ഡിന്നറിനിടെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ, വൈറ്റ് ഹൗസിൽ താൻ നിർമ്മിക്കുന്ന കൂറ്റൻ ബോൾറൂം പദ്ധതിയെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസ് വളപ്പിനുള്ളിൽ സുരക്ഷിതമായ ഒരു ഹാൾ ഉണ്ടായിരുന്നെങ്കിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
കഴിഞ്ഞ 150 വർഷമായി അമേരിക്കൻ പ്രസിഡന്‍റുമാരും സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷിതമായ ഒരു ബോൾറൂം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഈ ‘മിലിട്ടറി ടോപ്പ് സീക്രട്ട്’ ബോൾറൂമിൽ ലോകത്തിലെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം അതീവ സുരക്ഷിതമായ വൈറ്റ് ഹൗസ് ഗേറ്റുകൾക്കുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെടിവെപ്പിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലും ട്രംപ് ഈ പദ്ധതിക്കായി വാദിച്ചു. “നമ്മൾ ആസൂത്രണം ചെയ്യുന്ന ഈ ബോൾറൂം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. അവിടെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. സൈന്യവും സീക്രട്ട് സർവീസും ഇത് അടിയന്തരമായി വേണമെന്ന് ആവശ്യപ്പെടുന്നു,” ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗിന് മുകളിലായി നിർമ്മിക്കുന്ന 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഹാൾ വൻകിട ഔദ്യോഗിക പരിപാടികൾ സംഘടിപ്പിക്കാൻ അനിവാര്യമാണെന്നാണ് പ്രസിഡന്റിന്റെ നിലപാട്. ഇതിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















