
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ വെടിനിർത്തൽ കരാർ ലംഘിച്ച ഇറാനെതിരെ രൂക്ഷമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് തിരിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. ഫ്രഞ്ച് കപ്പലിനും ബ്രിട്ടീഷ് ചരക്കുകപ്പലിനും നേരെ ഇറാൻ വെടിവെപ്പ് നടത്തിയതായി ആരോപിച്ച ട്രംപ്, ഇത് നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് വ്യക്തമാക്കി.
തന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മരുമകൻ ജാരെഡ് കുഷ്നറും ചർച്ചകളിൽ പങ്കാളികളാകുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണി വിചിത്രമാണെന്നും അമേരിക്കൻ ഉപരോധം മൂലം ആ വഴി ഇതിനോടകം തന്നെ അടഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കടലിടുക്ക് അടയുന്നതിലൂടെ ഇറാന് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. എന്നാൽ യുഎസിനെ ഇത് ബാധിക്കില്ലെന്നും കപ്പലുകൾ ഇപ്പോൾ അമേരിക്കൻ തുറമുഖങ്ങളിലേക്ക് തിരിയുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാൻ മുൻപാകെ തങ്ങൾ ന്യായമായ ഒരു കരാർ സമർപ്പിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കാൻ അവർ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചർച്ചകൾ പരാജയപ്പെട്ടാൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാനിലെ ഓരോ പവർ പ്ലാന്റുകളും പാലങ്ങളും അമേരിക്ക തകർക്കുമെന്നും ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 47 വർഷമായി മുൻ പ്രസിഡന്റുമാർ ചെയ്യാൻ മടിച്ച കാര്യങ്ങൾ താൻ ചെയ്യുമെന്നും ഇറാന്റെ ഈ ആക്രമണ ശൈലി അവസാനിപ്പിക്കാൻ സമയമായെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇസ്ലാമാബാദിലെ ചർച്ചകൾ വരും ദിവസങ്ങളിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.















