ഹോർമുസ് കടലിടുക്ക് ഒരു ‘ഇരുമ്പ് മതിൽ’ പോലെയാണ്, ഞങ്ങളുടെ നാവിക ഉപരോധം 100 ശതമാനം വിജയമെന്ന് ട്രംപ്, ടോൾ ഈടാക്കാൻ അനുവദിക്കില്ല

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നിർദ്ദേശത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, “ഞങ്ങൾ ഈ വിഷയം പരിശോധിച്ചുവരികയാണ്,” എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കപ്പൽ ഗതാഗതത്തിന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ പൂർണ്ണമായി തള്ളിയ ട്രംപ്, നിലവിൽ ജലപാത തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടു. “നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങളുടെ നാവിക ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ അമേരിക്കയ്ക്കാണ്. ഈ ഉപരോധം 100 ശതമാനം ഫലപ്രദമാണ്. അതിലൂടെ ആർക്കും കടന്നുപോകാൻ സാധിച്ചിട്ടില്ല, അത് ഒരു ‘ഇരുമ്പ് മതിൽ’ പോലെ ശക്തമാണ്,” എന്ന് ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ സ്വതന്ത്രമായ കപ്പൽ ഗതാഗതമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അമേരിക്കൻ പ്രസിഡന്റിന്റെ ഈ അവകാശവാദങ്ങൾക്ക് വിരുദ്ധമായ വിവരങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഇറാൻ പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണ ടാങ്കറുകളും കണ്ടെയ്നർ കപ്പലുകളും ഉൾപ്പെടെ 31 വാണിജ്യ കപ്പലുകൾ തങ്ങളുടെ നാവികസേനയുടെ പൂർണ്ണ മേൽനോട്ടത്തിലും ഏകോപനത്തിലും സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മറികടന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിരുന്നു.

ഹോർമുസ് കടലിടുക്കിലെ ഉപരോധത്തെച്ചൊല്ലി അമേരിക്കയും ഇറാനും പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോടെ പശ്ചിമേഷ്യൻ മേഖലയിലെ നാവിക പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാവുകയാണ്.

Also Read

More Stories from this section

family-dental
witywide