ഇറാൻ ഭീഷണി; ട്രംപ് തുർക്കിയിൽനിന്ന് രഹസ്യമായി രക്ഷപ്പെട്ടത് കേറ്ററിംഗ് ട്രക്കിൽ ഒളിച്ചെന്ന് റിപ്പോർട്ട്, ബ്രിട്ടണിലേക്ക് പറന്നത് 3 വിമാനങ്ങൾ

ടെഹ്റാൻ: ഇറാന്‍റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുർക്കിയിൽനിന്ന് അതീവ രഹസ്യമായി മടങ്ങിയതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരുക്കിയ നാടകീയ നീക്കത്തിന്റെ ഭാഗമായി കേറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിപ്പിച്ചാണ് ട്രംപിനെ മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. ട്രംപ് ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ മടങ്ങുകയാണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിച്ച ശേഷമായിരുന്നു ഈ നീക്കം.

അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റും സിഎൻഎന്നുമാണ് ട്രംപിന്റെ സുരക്ഷയ്ക്കായി യുഎസ് സുരക്ഷാ ഏജൻസികൾ നടത്തിയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടത്. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തിലാണ് ട്രംപ് തുർക്കിയിലെത്തിയത്. എന്നാൽ മടക്കയാത്രയിൽ സുരക്ഷാ കാരണങ്ങളാൽ പഴയ പ്രസിഡൻഷ്യൽ വിമാനത്തിലേക്ക് മാറുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ ട്രംപ് പഴയ എയർഫോഴ്‌സ് വണ്ണിൽ കയറി.

എന്നാൽ വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ പുറകുവശത്തെ കവാടത്തിലൂടെ ട്രംപ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന കേറ്ററിംഗ് ട്രക്കിലേക്ക് രഹസ്യമായി മാറുകയായിരുന്നു. തുടർന്ന് ട്രക്കിൽ സമീപത്ത് നിർത്തിയിരുന്ന യുഎസ് വ്യോമസേനയുടെ സി-32എ സൈനിക വിമാനത്തിലെത്തിച്ചാണ് ട്രംപിനെ ബ്രിട്ടനിലേക്ക് മാറ്റിയത്. അതേസമയം, മാധ്യമപ്രവർത്തകരെയും ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും കയറ്റിയ പഴയ എയർഫോഴ്‌സ് വൺ വിമാനം ശത്രുക്കളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഡമ്മി വിമാനമായി ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഖത്തർ നൽകിയ പുതിയ വിമാനം, പഴയ എയർഫോഴ്‌സ് വൺ, ട്രംപ് സഞ്ചരിച്ച സി-32എ സൈനിക വിമാനം എന്നിവ വ്യത്യസ്ത സമയങ്ങളിലായി ബ്രിട്ടനിലേക്ക് പറന്നു.

ബ്രിട്ടനിലെത്തിയ ശേഷമാണ് ട്രംപ് വീണ്ടും ഔദ്യോഗിക വിമാനത്തിൽ കയറിയത്. തുടർന്ന് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങി. കഴിഞ്ഞ ഒരു മാസമായി ഖത്തർ നൽകിയ പുതിയ വിമാനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സുരക്ഷാ പോരായ്മകളെക്കുറിച്ചും അമേരിക്കയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. വിമാനത്തിൽ ആവശ്യമായ സുരക്ഷാ മാറ്റങ്ങൾ വരുത്തേണ്ടിവന്നതിലും ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിമാനമാറ്റത്തിനും സുരക്ഷാ നടപടികൾക്കും പിന്നിൽ ഇറാനിൽനിന്നുള്ള ഗുരുതരമായ ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയ്ക്ക് നിരവധി ശത്രുക്കളുണ്ടെന്നും പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യുങ് വ്യക്തമാക്കി.