‘ചൈനയിൽ നിന്നൊരു സമ്മാനം’; പിടിച്ചെടുത്ത കപ്പലിൽ ആയുധങ്ങളെന്ന് ട്രംപിന്‍റെ വെളിപ്പെടുത്തൽ, ആഗോളതലത്തിൽ ചർച്ചയായി ‘സീക്രട്ട് ഗിഫ്റ്റ്’!

വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നതിനിടെ യുഎസ് സൈന്യം പിടിച്ചെടുത്ത കപ്പലിൽ ചൈനയിൽ നിന്നുള്ള ‘സമ്മാനങ്ങൾ’ ഉണ്ടായിരുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിഎൻബിസിയുടെ ‘സ്ക്വാക് ബോക്‌സ്’ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് അതീവ ഗൗരവമുള്ള ഈ സൂചന നൽകിയത്. കപ്പലിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ അത്ര നല്ലതല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നല്ല ബന്ധം പുലർത്തുമ്പോഴും ഇത്തരമൊരു നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചൈന ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കാൻ ഒരുങ്ങുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇറാനിലേക്ക് ആയുധങ്ങൾ കൈമാറുന്ന പക്ഷം ചൈന കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ചയും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ പ്രസംഗത്തിൽ അദ്ദേഹം അല്പം മയപ്പെട്ട നിലപാടാണ് സ്വീകരിച്ചത്. “അതൊന്നും കുഴപ്പമില്ല, യുദ്ധമാകുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കാം” എന്നായിരുന്നു ട്രംപിന്‍റെ അപ്രതീക്ഷിതമായ പ്രതികരണം.

അടുത്ത മാസം ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇറാനിയൻ കപ്പലിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് കണ്ടെടുത്തതെന്നോ ട്രംപ് ഉദ്ദേശിച്ച ‘സമ്മാനം’ എന്താണെന്നോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളിൽ ഈ സംഭവം എന്ത് സ്വാധീനം ചെലുത്തുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. പിടിച്ചെടുത്ത കപ്പലിനെക്കുറിച്ചും അതിലെ ചരക്കിനെക്കുറിച്ചും സൈന്യം കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾക്കിടയിൽ വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള ഈ വാക്പോര് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് രൂപം നൽകുന്നു.

More Stories from this section

family-dental
witywide