‘ട്രംപ് കടലിടുക്ക്’; ഹോർമുസിന്റെ പുതിയ ഭൂപടം പങ്കുവച്ച് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് രേഖപ്പെടുത്തിയ പുതിയ ഭൂപടം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭൂപടം പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ നിർദേശം ട്രംപ് നിരസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായും ടെഹ്റാൻ തന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതായും വീണ്ടും ഇറാനെതിരെ യുഎസ് ബോംബാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വാഷിങ്ടൺ നിർദേശങ്ങൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സാധാരണ നാവിക ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാന്റെ നിർദേശപ്രകാരം, ഇറാൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ യുഎസ് നാവിക ഉപരോധം പിൻവലിക്കണം, ഇറാന്റെ എണ്ണ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ ഒഴിവാക്കണം, ലെബനൻ ഉൾപ്പെടുന്ന വെടിനിർത്തൽ അംഗീകരിക്കണം. ആവശ്യമായ വ്യവസ്ഥകൾ പാലിച്ചാൽ കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളിൽ സാധാരണ നാവിക ഗതാഗതം പുനഃസ്ഥാപിക്കാനും കഴിയും. ഇനി തീരുമാനം അമേരിക്കയുടേതാണ് എന്നും അമേരിക്ക ഈ പദ്ധതി അംഗീകരിക്കുന്നതോടെ ഏഴ് ദിവസത്തെ സമയപരിധി ആരംഭിക്കുമെന്നും അറാഖ്ചി വ്യക്തമാക്കിയിരുന്നു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആശയം ട്രംപ് മുന്നോട്ടുവയ്ക്കുന്നത് ഇതാദ്യമല്ല. ഓഗസ്റ്റിലും കടലിടുക്ക് ‘പുതിയ യുഎസ് പ്രദേശം’ ആയി മാറാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്ന ഭൂപടം ട്രംപ് പങ്കുവച്ചിരുന്നു. ഹോർമുസിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആശയം ‘മികച്ച ആശയം’ ആണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഉപരോധത്തിലൂടെ കടലിടുക്കിന്റെ നിയന്ത്രണം ഇതിനകം തന്നെ അമേരിക്കയ്ക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇത് മികച്ച ആശയമാണെന്നാണ് ഞാൻ കരുതുന്നത്. ഉപരോധത്തിലൂടെ നാം അത് നിയന്ത്രിക്കുന്നുണ്ട്. കടലിടുക്കിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുന്ന ആശയം എനിക്ക് ഇഷ്ടമാണ്. ഹോർമുസ് കടലിടുക്കിൽ ഞങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട് എന്നും ട്രംപ് പറഞ്ഞിരുന്നു. കടലിൽ മൈനുകൾ സ്ഥാപിച്ച് ഇറാന് കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ കഴിയുമെന്നും എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഫലപ്രദമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

വാഷിങ്ടണുമായുള്ള ഏറ്റുമുട്ടലിൽ ഇറാന്റെ പ്രധാന സമ്മർദതന്ത്രങ്ങളിലൊന്നായി ഹോർമുസ് കടലിടുക്ക് മാറിയിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ലോകത്ത് വ്യാപാരം ചെയ്യുന്ന എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഈ തന്ത്രപ്രധാനമായ കടലിടുക്കിലൂടെയാണ് കടന്നുപോയിരുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കപ്പൽ ഗതാഗതത്തിലുണ്ടായ തടസ്സങ്ങൾ ആഗോള ഊർജ വിപണിയെ ബാധിക്കുകയും യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിനുമേൽ സമ്മർദം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് യുഎസ് നാവിക ഉപരോധം പിൻവലിക്കുന്നതിനും ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഇറാൻ നിർദേശം മുന്നോട്ടുവച്ചത്.

Trump Strait’: US President shares new map of Hormuz after rejecting 7-day ceasefire offer

More Stories from this section

family-dental
witywide