അമേരിക്കൻ ഹീറോസ് ഗാർഡൻ പദ്ധതി അനിശ്ചിതത്വത്തിൽ; ജൂലൈ നാലിന് മുൻപ് പൂർത്തിയാകില്ലെന്ന് സൂചന, അനുമതികൾ ഇനിയും ബാക്കി

വാഷിംഗ്ടൺ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോബി ബ്രയന്റ്, എൽവിസ് പ്രെസ്‌ലി, റോസ പാർക്സ് തുടങ്ങി 250 പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രതിമകൾ ഉൾപ്പെടുത്തി നിർമ്മിക്കാനിരുന്ന വിപുലമായ ശില്പ ഉദ്യാനം സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് റിപ്പോർട്ട്. ജൂലൈ നാല് അടുത്തെത്തിയിട്ടും പദ്ധതിയുടെ ഭാഗമായ ഒരൊറ്റ പ്രതിമ പോലും സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ സ്വപ്ന പദ്ധതി പാതിവഴിയിൽ നിലയ്ക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്.ക്ലാസിക്കൽ ശൈലിയിലുള്ള കൂറ്റൻ ശില്പങ്ങൾ നിർമ്മിക്കാൻ മാസങ്ങളോളം നീണ്ട പരിശ്രമം ആവശ്യമാണ്. എന്നാൽ ഈ പ്രവൃത്തിക്കായി അപേക്ഷ നൽകിയ രാജ്യത്തെ പ്രശസ്തരായ കലാകാരന്മാർക്കോ ഫൗണ്ടറികൾക്കോ ഭരണകൂടത്തിൽ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. കൂടാതെ, പദ്ധതി തുടങ്ങുന്നതിന് മുൻപ് അനുമതി തേടേണ്ട നിർണ്ണായക സ്ഥാപനങ്ങളായ കമ്മീഷൻ ഓഫ് ഫൈൻ ആർട്‌സ്, നാഷണൽ ക്യാപിറ്റൽ പ്ലാനിംഗ് കമ്മീഷൻ എന്നിവയ്ക്ക് മുന്നിൽ ഇതുവരെ അപേക്ഷകൾ സമർപ്പിച്ചിട്ടുമില്ല. മുൻപത്തെ അനുഭവങ്ങൾ വെച്ചുനോക്കിയാൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ പദ്ധതിയൊന്നും പ്രാവർത്തികമാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.പദ്ധതിയുടെ പ്രവർത്തനങ്ങളിൽ നേരിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. വാഷിംഗ്ടണിലെ ചെറി ബ്ലോസം കാഴ്ചകൾക്ക് പേരുകേട്ട പൊട്ടോമാക് നദീതീരത്തുള്ള വെസ്റ്റ് പൊട്ടോമാക് പാർക്ക് പദ്ധതിക്കായി ഭരണകൂടം തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ ഉപദേശകനായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് മൈക്കൽ ഫ്രാങ്കിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, നിയമപരമായ അനുമതികളും ശില്പ നിർമ്മാണവും വൈകുന്നത് പദ്ധതിയുടെ ലക്ഷ്യത്തെ സാരമായി ബാധിക്കുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide