രണ്ടുംകൽപ്പിച്ച് പ്രസിഡന്റ്, ട്രംപ് VS മീഡീയ പോര് എല്ലാ സീമകളും കടക്കുന്നു; വൈറ്റ് ഹൗസ് മാധ്യമമുറി തന്നെ നീക്കാൻ പദ്ധതി, മാധ്യമപ്രവർത്തകരുമായി നേർക്കുനേർ പോര്!

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസ് വെസ്റ്റ് വിംഗിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക വാർത്താസമ്മേളന മുറിയും പ്രവർത്തിസ്ഥലവും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൃത്തങ്ങളുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും വാർത്താ പങ്കാളിത്തത്തിനും മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനൻ ഉൾപ്പെടെയുള്ള ഉപദേശകരാണ് ഈ നിർദ്ദേശം വീണ്ടും മുന്നോട്ടുവെച്ചതെന്ന് അറിയുന്നു.

നിലവിലുള്ള ജെയിംസ് എസ്. ബ്രാഡി പ്രസ് ബ്രീഫിംഗ് റൂം മാറ്റി അവിടെ ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റിന്റെ കാലത്തുണ്ടായിരുന്ന നീന്തൽക്കുളം പുനഃസ്ഥാപിക്കാമെന്ന സൂചന നൽകുന്ന ചിത്രങ്ങൾ ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. “വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും എല്ലാ വഴികളും പരിശോധിക്കുകയാണെന്നും” വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് വിഷയത്തിൽ പ്രതികരിച്ചു. ഒരു നൂറ്റാണ്ടിലധികമായി മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസിനുള്ളിൽ ഇരുന്ന് തന്നെയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ സമയത്തും (2017ൽ) മാധ്യമമുറി അയൽക്കെട്ടിടമായ ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും മാധ്യമങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസ് സമുച്ചയത്തിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത് ഫെഡറൽ കോടതി റദ്ദാക്കിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളെ കെട്ടിടത്തിന് പുറത്താക്കാനുള്ള നീക്കങ്ങൾ ട്രംപ് വീണ്ടും സജീവമാക്കിയത്.

Also Read

More Stories from this section

family-dental
witywide