ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, പേർഷ്യൻ ഗൾഫിൽ 148 ഇന്ത്യൻ നാവികരുമായി ഏഴ് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും തുടരുന്നതായി കേന്ദ്ര സർക്കാരിന്റെ സ്ഥിതിവിവര റിപ്പോർട്ട്. ഇന്ത്യൻ താൽപര്യമുള്ള 11 കപ്പലുകൾ ഒഴിപ്പിക്കാനുള്ള പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചിരുന്ന യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാരാന്ത്യത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വീണ്ടും ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നാണിത്.’മൊംബാസ’ , ‘അൽ ബഹിയ’ എന്നീ എണ്ണക്കപ്പലുകൾ ഒമാന്റെ സമുദ്രപരിധിക്കുള്ളിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് യുഎഇ അറിയിച്ചു. രണ്ട് ദിവസം മുമ്പ് സൈപ്രസ് പതാകയുള്ള കണ്ടെയ്‌നർ കപ്പലായ ‘ജിഎഫ്എസ് ഗാലക്‌സി’യ്ക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായതായും മറ്റ് പത്ത് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് അവകാശപ്പെട്ടു. നിയമവിരുദ്ധമായ കടൽപാത ഉപയോഗിക്കാൻ കപ്പലുകളെ അമേരിക്ക പ്രേരിപ്പിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിനെ തുടർന്ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 14 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. തിങ്കളാഴ്ച വരെയുള്ള ഔദ്യോഗിക റിപ്പോർട്ടിൽ ഏഴ് മരണവും ഒരാളെ കാണാതായതായി രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ചത്തെ മരണവും ഇതോടെ കണക്കിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ മാസം പലാവു പതാകയുള്ള എം.ടി. സെറ്റബെല്ലോ എണ്ണക്കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. മാർച്ച് ഒന്നുമുതൽ ഇന്ത്യയിലേക്കുള്ള ചരക്കുകളുമായി 57 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 21 എണ്ണം ഇന്ത്യൻ പതാകയുള്ള കപ്പലുകളും 36 എണ്ണം വിദേശ പതാകയുള്ളവയുമാണ്. ഇന്ത്യൻ താൽപര്യമുള്ളതായി കണക്കാക്കുന്ന 11 കപ്പലുകളിൽ നാലെണ്ണം വളം കയറ്റിയവയാണ്. ഇവയെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച വരെ വിവിധ ഷിപ്പിംഗ് കമ്പനികൾ വഴി 3,918 നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും, ഇന്ത്യൻ നാവികസേനയുമായി ഏകോപനം തുടരുകയാണെന്നും നാവികരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
7 Indian vessels with 148 Indian seafarers remain in Persian Gulf: A Strait of Hormuz status check













