
വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടം തങ്ങളെ രാഷ്ട്രീയമായി ലക്ഷ്യമിട്ടെന്ന് അവകാശപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനായി ട്രംപ് സർക്കാർ രൂപീകരിച്ച 1.8 ബില്യൺ ഡോളറിൻ്റെ ‘ആൻ്റി വെപ്പണൈസേഷൻ ഫണ്ട്’ കടുത്ത പ്രതിസന്ധിയിലേക്ക്. ഫണ്ടിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് മൂന്ന് ഫെഡറൽ കോടതികളിൽ ഹർജികൾ സമർപ്പിക്കപ്പെട്ടു. ഫണ്ട് രൂപീകരണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വാച്ച്ഡോഗ് ഗ്രൂപ്പായ ‘സിറ്റിസൺസ് ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സ് ഇൻ വാഷിംഗ്ടൺ’ വെള്ളിയാഴ്ച ഫെഡറൽ കോടതിയെ സമീപിച്ചു. ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം ഞെട്ടിക്കുന്ന തരത്തിലുള്ള ഔദ്യോഗിക അഴിമതിയാണെന്ന് സംഘടന ആരോപിച്ചു.
യുഎസ് കോൺഗ്രസിൻ്റെ സാമ്പത്തിക അധികാരം മറികടന്നാണ് ഫണ്ട് രൂപീകരിച്ചതെന്ന് കാണിച്ച് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയയിലും വെള്ളിയാഴ്ച മറ്റൊരു പരാതി ഫയൽ ചെയ്യപ്പെട്ടു. യുഎസ് കാപ്പിറ്റോൾ ആക്രമണ കേസ് കൈകാര്യം ചെയ്ത മുൻ പ്രൊസിക്യൂട്ടർമാർ, പ്രൊഫസർമാർ, നാഷണൽ അബോർഷൻ ഫെഡറേഷൻ, കോമൺ കോസ്, ന്യൂ ഹാവൻ നഗരം എന്നിവരടങ്ങുന്ന സഖ്യമാണ് ഇതിന് പിന്നിൽ. രാജ്യത്തിനെതിരെയുള്ള കലാപങ്ങളിൽ പങ്കെടുത്തവർക്ക് ഫെഡറൽ ഫണ്ട് നൽകുന്നത് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രസിഡൻ്റും സ്വന്തം ഭരണകൂടവും തമ്മിലുള്ള രഹസ്യ ധാരണയുടെ പുറത്താണ് ഈ ഫണ്ട് വന്നിട്ടുള്ളതെന്നും ഇതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും ഹർജിക്കാർ ആരോപിക്കുന്നു. രേഖകൾ സൂക്ഷിക്കുന്നതിലെ സുതാര്യതയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ ആക്രമണത്തിൽ പരിക്കേറ്റ മുൻ പൊലീസ് ഉദ്യോഗസ്ഥരായ ഹാരി ഡണ്ണും ഡാനിയൽ ഹോഡ്ജസും രണ്ട് ദിവസം മുൻപ് ഡി.സി കോടതിയിൽ സമാനമായ കേസ് നൽകിയിരുന്നു.
ഐആർഎസി (ഇൻ്റേണൽ റെവന്യൂ സർവീസ്) നെതിരെ ട്രംപ് നൽകിയിരുന്ന 10 ബില്യൺ ഡോളറിൻ്റെ വ്യക്തിഗത കേസ് പിൻവലിച്ചതിന് പകരമായാണ് നീതിന്യായ വകുപ്പ് ഈ ഫണ്ട് അനുവദിച്ചത്. ജനങ്ങളുടെ നികുതിപ്പണം കലാപകാരികൾക്ക് വീതം വെക്കുന്നതിനെതിരെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആദ്യ ഘട്ടത്തിൽ തനിക്ക് ഫണ്ടുമായി ബന്ധമില്ലെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും, നികുതിപ്പണം ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
Trump’s ‘Anti-Weaponization Fund’ in deep crisis; Petitions flood the courts















