മരുന്ന് വില കുറയ്ക്കാൻ ട്രംപിൻ്റെ നിർണായക നീക്കം; 9 പ്രമുഖ കമ്പനികളുമായി യു.എസ് ഭരണകൂടം കരാറിലേക്ക്

വാഷിങ്‌ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരുന്ന് വില കുത്തനെ കുറയ്ക്കുന്നതിനായുള്ള വലിയ പ്രഖ്യാപനവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്ഥാന മെഡികെയ്ഡ് (Medicaid) പ്രോഗ്രാമുകൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഒൻപത് പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി കൂടി യു.എസ് ഭരണകൂടം പുതിയ കരാറുകളിൽ ഒപ്പുവെച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയാണ് പ്രസിഡൻ്റ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പുതിയ കരാറുകളിലൂടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കൻ ജനതയ്ക്ക് 600 ബില്യൺ ഡോളറിലധികം (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) ലാഭിക്കാൻ സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. മറ്റ് വികസിത രാജ്യങ്ങളിലെ ഔഷധ വിലയ്ക്ക് സമാനമായി അമേരിക്കയിലും മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപിൻ്റെ ‘മോസ്റ്റ്-ഫേവേർഡ്-നേഷൻ’ നയത്തിൻ്റെ ഭാഗമായാണ് ഈ നടപടി.

ട്രംപ്ആർഎക്സ് വഴി നേരിട്ട് വിപണിയിലേക്ക്

കരാറിലായ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന ബ്രാൻഡഡ് മരുന്നുകൾ ട്രംപ് ഭരണകൂടം ഫെബ്രുവരിയിൽ ആരംഭിച്ച ‘ട്രംപ്ആർഎക്സ്’ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ ലഭ്യമാക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ 17 വൻകിട കമ്പനികൾ ഈ പദ്ധതിയുടെ ഭാഗമായി മരുന്ന് വില സ്വമേധയാ കുറച്ചിരുന്നു.

“ഇന്നത്തെ പ്രഖ്യാപനത്തോടെ യു.എസിലെ ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ വിപണിയുടെ 90 ശതമാനവും കൈയാളുന്ന 26 കമ്പനികൾ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ബാക്കിയുള്ള 10 ശതമാനം കമ്പനികളും വൈകാതെ തന്നെ ഈ കരാറിലേക്ക് വരും; അവർക്ക് മറ്റ് വഴികളില്ല,” ട്രംപ് വ്യക്തമാക്കി.

ആൽകോൺ, അസ്റ്റെല്ലസ് ഫാർമ, ബീവൺ മെഡിസിൻസ്, ബ്രിഡ്ജ്ബയോ, സിഎസ്എൽ , ക്യോവ കിരിൻ, സൺ ഫാർമ, ടെവ ഫാർമസ്യൂട്ടിക്കൽസ്, യുസിബി എന്നീ ഒൻപത് ഇടത്തരം ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് പുതുതായി കരാറിലെത്തിയത്. ഈ കമ്പനികൾ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മെഡിഗെയ്ഡ് പ്രോഗ്രാമുകളിലേക്ക് തങ്ങളുടെ മരുന്നുകൾ ലഭ്യമാക്കുമെന്നും ഇത് സാധാരണക്കാരായ ജനങ്ങൾക്ക് കോടിക്കണക്കിന് ഡോളറിൻ്റെ സാമ്പത്തിക ആശ്വാസം നൽകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

Trump’s decisive move to reduce drug prices; US administration signs deal with 9 major companies

More Stories from this section

family-dental
witywide